പ്രണാബിനെ ക്ഷണിക്കാതെ കോണ്‍ഗ്രസിന്റെ ഇഫ്താര്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രസിഡന്റും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ പ്രണബ് മുഖര്‍ജിയെ ക്ഷണിക്കാതെ കോണ്‍ഗ്രസിന്റെ ഇഫ്താര്‍ പാര്‍ട്ടി. ജൂണ്‍ 13 ാം തീയ്യതിയാണ് ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ വെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്.

സമൂഹത്തിന്റെ വിവിധ മേഖലകളിലും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളിലുമുള്ള ഒട്ടേറെ പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ ചടങ്ങിലേക്കാണ് ഇതു വരെയായും പ്രണബ് മുഖര്‍ജിക്ക് ക്ഷണം ലഭിക്കാതിരിക്കുന്നത്. മുഖര്‍ജിയെ കൂടാതെ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എന്നീ പ്രമുഖരേയും ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് രാജ്യ തലസ്ഥാനത്ത് ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്നത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരായുള്ള പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ഇഫ്താര്‍ പാര്‍ട്ടിയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

നേരത്തെ ആര്‍.എസ്.എസ് ആസ്ഥാനത്ത് വെച്ച് നടന്ന വാര്‍ഷിക പരിപാടിയായ സംഘ് ശിക്ഷ് വര്‍ഗ്ഗില്‍ പ്രണബ് മുഖര്‍ജി പങ്കെടുത്തത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം എതിര്‍പ്പ് അറിയിച്ചിട്ടും പ്രണബ് ചടങ്ങില്‍ പങ്കെടുത്തതാണ് ചടങ്ങിലേക്ക് ക്ഷണം ലഭിക്കാത്തതിന് കാരണം എന്നാണ് കരുതപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here