മുങ്ങിമരണം പ്രോസിക്യൂട്ടര്‍ അന്വേഷിക്കും

ദുബായ് : നടി ശ്രീദേവിയുടേത് മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചതോടെ അന്വേഷണം പ്രോസിക്യൂട്ടര്‍ക്ക് വിട്ടു. നടി ബാത്ടബ്ബിലെ വെള്ളത്തില്‍ മുങ്ങിമരിച്ചതിലെ അസ്വാഭാവികതയാണ് അന്വേഷിക്കുന്നത്.

അവസാന നിമിഷങ്ങളില്‍ ശ്രീദേവിയുടെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ബോണി കപൂറില്‍ നിന്ന് പ്രോസിക്യൂട്ടര്‍ വിശദമായ മൊഴിയെടുക്കും. അസ്വാഭാവിക മരണമായതിനാലാണ് കേസ് അന്വേഷണം ദുബായ് പൊലീസ് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയത്.

ശ്രീദേവിയുടേത് മുങ്ങിമരണമാണെന്ന് ദുബായ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട മരണസര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച ദുബായിലെ ഹോട്ടല്‍ മുറിയിലായിരുന്നു നടിയുടെ അന്ത്യം.

കേസന്വേഷണം പ്രോസിക്യൂട്ടര്‍ക്ക് വിട്ടതിനാല്‍ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിന് കാലതാമസം നേരിടും. ഭൗതിക ദേഹം വിട്ടുകിട്ടണമെങ്കില്‍ പ്രോസിക്യൂട്ടറുടെ അനുമതി വേണം. അതിനാല്‍ ഇന്ന് എന്തായാലും മൃതദേഹം മുംബൈയില്‍ എത്തിക്കാനാകില്ല.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് നടി മരണപ്പെട്ടതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിനിടെ ചില സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്.

പിന്നാലെ ബര്‍ ദുബായ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ശ്രീദേവിയുടെ ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.

ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോധം നഷ്ടപ്പെട്ട് ബാത്ടബ്ബിലേക്ക് വീഴുകയും മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് ദുബായ് മാധ്യമങ്ങള്‍ പറയുന്നത്.

മദ്യാലസ്യത്തില്‍ ബാലന്‍സ് നഷ്ടപ്പെട്ട് നടി ബാത്ടബ്ബില്‍ വീഴുകയായിരുന്നുവെന്നാണ് പരിശോധനാ ഫലമെന്ന് ഗള്‍ഫ് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും വ്യക്തമാക്കുന്നു.

ശ്രീദേവിയുടെ അവസാന നിമിഷങ്ങള്‍ സംബന്ധിച്ച് ദുബായ് മാധ്യമങ്ങള്‍ നേരത്തേ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നു. ബോണി കപൂര്‍ ഒരുക്കിയ സര്‍പ്രൈസ് ഡിന്നറില്‍ പങ്കെടുക്കാനായി ദുബായിലെ ഹോട്ടല്‍ മുറിയില്‍ ഒരുങ്ങുകയായിരുന്നു ശ്രീദേവി.

ജുമൈറ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലായിരുന്നു നടി. മുംബൈയില്‍ നിന്ന് ദുബായിലെത്തിയ ബോണി കപൂര്‍ വൈകീട്ട് 5.30 ഓടെ ഹോട്ടല്‍ മുറിയിലെത്തി. ഇരുവരും പതിനഞ്ച് മിനിട്ടോളം സംസാരിച്ചിരുന്നു.

തുടര്‍ന്നാണ് ഡിന്നറിനായി ക്ഷണിക്കുന്നത്. ഇതിനായി ഒരുങ്ങാന്‍ നടി വാഷ്‌റൂമില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ 15 മിനിട്ട് കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് വാതിലില്‍ മുട്ടി.

മറുപടിയൈാന്നും കിട്ടാതായതോടെ ബോണി വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. അപ്പോള്‍ ബാത്ടബ്ബിലെ വെള്ളത്തില്‍ അനക്കമറ്റ നിലയിലാണ് നടിയെ കണ്ടെത്തിയതെന്നുമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here