‘സ്വകാര്യവിവരങ്ങള്‍ കൈമാറരുത്’

ദോഹ : തൊഴില്‍ സംബന്ധമായ വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ കൈമാറരുതെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രലായത്തിന്റെ മുന്നറിയിപ്പ്. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് മറ്റ് ചാറ്റിങ് ആപ്പുകള്‍ എന്നിവ മുഖേന ജോലിയെക്കുറിച്ചുള്ള വിവരങ്ങള്‍ അയയ്ക്കരുതെന്നാണ് താക്കീത്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏറെ വരികയാണ്. പലതരത്തില്‍ വഞ്ചിതരാകാന്‍ സാധ്യതയുണ്ട്. സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗമാണ് ആവശ്യമായിട്ടുള്ളതെന്നും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ അല്‍കാബി പറഞ്ഞു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ നിയമങ്ങളെക്കുറിച്ച് ഇതുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ വിവരങ്ങള്‍, ചിത്രങ്ങള്‍, ദൃശ്യങ്ങള്‍ എന്നിവ സമൂഹമാധ്യമങ്ങളിലൂടെ അയയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്.

പലപ്പോഴും ഇവ കടുത്ത സൈബര്‍ കുറ്റകൃത്യങ്ങളിലാണ് അവസാനിക്കുന്നത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ജനങ്ങളില്‍ ഇതുസംബന്ധിച്ച് അവബോധം വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here