രാജേഷ് വധത്തില്‍ നിര്‍ണ്ണായക അറസ്റ്റ്

കൊച്ചി :മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ വധത്തില്‍ നിര്‍ണ്ണായകമായ അറസ്റ്റ്. കേസില്‍ ഒരു യുവതി കൂടി അറസ്റ്റിലായി. എറണാകുളം കപ്പലണ്ടി മുക്കിന് സമീപത്തുള്ള ഹയറുന്നിസ മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന ഷിജിന ഷിഹാബാണ് (34) പൊലീസിന്റെ പിടിയിലായത്. വര്‍ക്കല കിഴക്കേപ്പുറത്ത് നിന്നാണ് ഇവര്‍ പിടിയിലായത്.

ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ഷിജിനയെ റിമാന്‍ഡ് ചെയ്തു. രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഒന്നാം പ്രതി സത്താറിന്റെ വനിതാ സുഹൃത്താണ് അറസ്റ്റിലായ ഷിജിന.

ഇവരുടെ ഭര്‍ത്താവ് കൊല്ലം ഓച്ചിറ സ്വദേശിയാണ്. ഷിജിന ആറ് മാസത്തോളം ഖത്തറിലുണ്ടായിരുന്നു. ഇതിനിടയിലാണ് സത്താറും ഷിജിനയും തമ്മില്‍ പരിചയത്തിലാകുന്നത്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ഷിജിനയാണ് ക്വട്ടേഷന്‍ സംഘത്തിന് സത്താര്‍ അയച്ചു കൊടുത്ത പണം നല്‍കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അലിഭായി എന്ന മുഹമ്മദ് സലാഹ്, കായംകുളം അപ്പുണ്ണി എന്നിവര്‍ക്കാണ് ഷിജിന പണം കൈമാറിയത്.

കൂടാതെ കൊലപാതകത്തിന് മുന്‍പും ശേഷവും പല തവണ ഷിജിനയും സത്താറും വാട്‌സാപ്പ് വഴി ബന്ധപ്പെട്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാലരക്കോടിയുടെ സാമ്പത്തിക ബാധ്യത ഉള്ളതിനാല്‍ സത്താറിന് ഖത്തറില്‍ യാത്രാ വിലക്കുണ്ട്. അതു കൊണ്ട് തന്നെ കേസിലെ ഒന്നാം പ്രതിയായ സത്താറിനെ പിടികൂടാന്‍ നിലവില്‍ പൊലീസിന് തടസ്സങ്ങളുണ്ട്. മാര്‍ച്ച് 27 ന് പുലര്‍ച്ചെ 2.30 നാണ് തന്റെ മടവൂരിലെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോവിന് മുന്നില്‍ വെച്ച് രാജേഷ് കൊല്ലപ്പെട്ടത്. തന്റെ മുന്‍ ഭാര്യയോട് രാജേഷിനുണ്ടായ അടുപ്പമാണ് യുവാവിനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വകവെരുത്താന്‍ സത്താറിനെ പ്രേരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here