രാജേഷ് വധക്കേസില്‍ വഴിത്തിരിവ്

തിരുവനന്തപുരം :ആറ്റിങ്ങള്‍ മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷ് വധിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി പൊലീസിനെ കബളിപ്പിച്ച് വിദേശത്തേക്ക് കടന്നതായി സംശയം. കൊലപാതകത്തിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് സംശയിക്കുന്ന അലിഭായി എന്ന വ്യക്തിയാണ് കൃത്യം നടത്തിയതിന് ശേഷം തിരിച്ച് ഖത്തറിലെത്തിയതായി സൂചന ലഭിച്ചിരിക്കുന്നത്.

ഖത്തറില്‍ ജോലി ചെയ്ത് വരികയായിരുന്ന ഇയാള്‍ രാജേഷ് കൊല്ലപ്പെടുന്നതിന്റെ തലേ ദിവസമാണ് നാട്ടിലെത്തിയത്. കായംകുളം സ്വദേശിയായ അപ്പുണ്ണിയോടൊപ്പം ചേര്‍ന്നാണ് അലിഭായിയും സുഹൃത്തും കൊല നടത്തിയത്. ശേഷം കായംകുളത്തെത്തി ആയുധം കൈമാറി തൃശ്ശൂര്‍ വഴി ബംഗ്ലൂരിലേക്കും അവിടെ നിന്ന് ഡല്‍ഹി വഴി കാഠ്മണ്ഡുവിലേക്കും അലിഭായിയും സുഹൃത്തും കടന്നു.

തുടര്‍ന്ന് ഇവിടെ നിന്നും വ്യാജ പാസ്‌പോര്‍ട്ടില്‍ ഇരുവരും തിരിച്ച് ഖത്തറിലേക്ക് കടന്നതായാണ് സൂചന. നാട്ടിലേക്ക് വരുന്നതിനും അലിഭായി ഉപയോഗിച്ചിരുന്നത് വ്യാജ പാസ്‌പോര്‍ട്ടാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം പോലും വിദേശത്ത് താന്‍ ജോലിയിലായിരുന്നെന്ന് വരുത്തി തീര്‍ക്കാനുള്ള തെളിവുകള്‍ സൃഷ്ടിച്ചിട്ടാണ് ഇയാള്‍ നാട്ടിലേക്ക് പറന്നത്.

കഴിഞ്ഞ മാര്‍ച്ച് 27 ാം തീയ്യതിയാണ് രാത്രി 2 മണിയോടെ അക്രമി സംഘം മടവൂര്‍ സ്വദേശി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഉടന്‍ യുവാവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. ഖത്തറില്‍ രാജേഷ് റേഡിയോ ജോക്കിയായി ജോലി ചെയ്തു വന്നിരുന്ന കാലത്ത് യുവാവുമായി അടുപ്പം പുലര്‍ത്തിയിരുന്ന കൊല്ലം സ്വദേശിനിയായ പ്രവാസി യുവതിയുടെ ഭര്‍ത്താവാണ് കൊലപാതകത്തിനുള്ള ക്വോട്ടേഷന്‍ നല്‍കിയതെന്നാണ് ഇതുവരെയുള്ള വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here