‘രംഗസ്ഥലം’ തീയേറ്ററുകളിലേക്ക്

ഹൈദരാബാദ് :ഭൂവുടമകളും കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ കഥ പറയുന്ന തെലുങ്ക് ചിത്രം രംഗസ്ഥലം തീയേറ്ററുകളിലേക്ക്. യുവ താരം രാം ചരണാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഗ്രാമത്തിലെ എല്ലാ നാടന്‍ തൊഴിലുകളിലും ഏര്‍പ്പെടുന്ന കേള്‍വിക്കുറവുള്ള ഒരു സാധാരണ യുവാവിന്റെ വേഷത്തിലാണ് ചിത്രത്തില്‍ രാംചരണ്‍ എത്തുന്നത്. സാമന്ത അക്കിനേനിയാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജ്, ജഗപതി ബാബു, ആദി പിനിസെട്ടി തുടങ്ങിയവരും ചിത്രത്തില്‍ സഹതാരങ്ങളായെത്തുന്നു.

മാര്‍ച്ച് 18 ാം തീയ്യതിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. കര്‍ഷകരുടെ ഭൂമി തെറ്റായ മാര്‍ഗ്ഗത്തിലൂടെ കയ്യടക്കാന്‍ ശ്രമിക്കുന്ന ഭൂവുടുമകള്‍ക്കെതിരായുള്ള പ്രതികാരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ആക്ഷനും പ്രണയവും സമകാലിക കാര്‍ഷിക പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്ന സിനിമയുടെ ട്രെയിലറിന് മികച്ച വരവേല്‍പ്പാണ് ആരാധകരില്‍ നിന്നും ലഭിച്ചത്.

ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൂടെ തെലുങ്ക് സിനിമാ മേഖലയില്‍ തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ  സുകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മൈത്രി മൂവി മേക്കേര്‍സിന്റെ ബാനറില്‍ വൈ. നവീന്‍, വൈ. രവി ശങ്കര്‍, സി.വി. മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഈ മാസം 30 ന് തീയേറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here