രാമക്ഷേത്രം തെരഞ്ഞെടുപ്പിന് മുന്‍പെന്ന് യോഗി

അയോധ്യ : 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ സന്യാസിമാരുടെ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് എന്ത് വിലകൊടുത്തും രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന്, അയോധ്യാ നേതാവും മുന്‍ ബിജെപി ജനപ്രതിനിധിയുമായ രാംവിലാസ് വേദാന്തി ചടങ്ങില്‍ പറഞ്ഞു.

മുഗള്‍ ഭരണാധികാരിയായ ബാബര്‍ ക്ഷേത്രം തകര്‍ത്തത് ഏതെങ്കിലും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലല്ല. ബാബറി മസ്ജിദ് തകര്‍ത്തതും കോടതി ഉത്തരവ് പ്രകാരമല്ല. രാമജന്‍മഭൂമിയില്‍ ക്ഷേത്രം പണിയുക തന്നെ ചെയ്യും.

അത് രാജ്യത്തെ ഓരോ ഹിന്ദുവിന്റെയും ആവശ്യമാണ്. കോടതി അനുവദിച്ചാല്‍ നല്ലത്. അല്ലെങ്കില്‍ മറ്റ് വഴികള്‍ തേടുമെന്നും വേദാന്തി പറഞ്ഞു. ഇതിന് തൊട്ടുപിന്നാലെയാണ് യോഗി ആദിത്യനാഥും ഇക്കാര്യം ആവര്‍ത്തിച്ചത്.

ക്ഷേത്രനിര്‍മ്മാണത്തിനായി ക്ഷമയോടെ കാത്തിരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്താണ് നാം ജീവിക്കുന്നത്. ജനാധിപത്യത്തിന്റെ ഓരോ ഘടകങ്ങള്‍ക്കും അതിന്റേതായ പങ്കുണ്ടെന്നത് തിരിച്ചറിഞ്ഞുവേണം പ്രവര്‍ത്തിക്കാന്‍. ക്ഷേത്രം പണിയുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here