27കാരന്റെ കണ്ണ് എലി കരണ്ടു

മുംബൈ: ആശുപത്രിയില്‍ അബോധാവസ്ഥയിലുള്ള ഇരുപത്തിയേഴ് വയസുകാരന്റെ കണ്ണ് എലി കരണ്ടു. മുംബൈയിലെ ജോഗേശ്വരിയിലുള്ള ബാല്‍ താക്കറെ ട്രോമ കെയര്‍ ഹോസ്പിറ്റലിലാണ് സംഭവം. കുട്ടിയുടെ പിതാവാണ് സംഭവം പുറത്തുവിട്ടത്. ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ വലത് കണ്‍പോളയാണ് എലി കരണ്ടത്.

പിതാവ് രാമഗുപ്ത ഈ മാസം 23 ന് പരാതിയുമായി എത്തിയപ്പോഴാണ് വാര്‍ത്ത പുറത്തറിയുന്നത്. രാവിലെ മകന്റെ കണ്ണില്‍ നിന്ന് രക്തം വരുന്നതിനെ തുടര്‍ന്നാണ് ഇക്കാര്യം ശ്രദ്ധിച്ചതെന്ന് പിതാവ് പറയുന്നു.

ജനറല്‍ വാര്‍ഡില്‍ എലികളുടെ ശല്യം രൂക്ഷമായിരുന്നുവെന്നും മകനെ കിടത്തിയിരുന്ന കിടക്കയില്‍ നിന്ന് നേരത്തെ രണ്ട് എലികളെ പിടികൂടിയിരുന്നുവെന്നും രാമഗുപ്ത പറഞ്ഞു.

വാഹനാപകടത്തെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചാണ് മകന്‍ പര്‍മീന്ദര്‍ ഗുപ്ത അബോധാവസ്ഥയിലായതെന്ന് രാമഗുപ്ത പറഞ്ഞു. കോമയില്‍ കഴിയുന്ന പര്‍മീന്ദറിനെ രണ്ട് ദിവസം മുമ്പാണ് ഐസിയുവില്‍ നിന്നും ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയത്. തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനാല്‍ പര്‍മീന്ദറിന് അപകടത്തിന് ശേഷം ഇതുവരെ ബോധം തിരിച്ചു കിട്ടിയിട്ടില്ല.

അതേസമയം ആശുപത്രിയിലെ വാര്‍ഡില്‍ എലി ശല്യമുണ്ടെന്ന കാര്യം ശരിയാണെന്നും, എന്നാല്‍ രോഗിയുടെ കണ്ണ് കടിച്ചെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്നും ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എച്ച് എസ് ബാവ പറഞ്ഞു. പര്‍മീന്ദറിനെ നേത്രരോഗ വിദഗ്ദര്‍ പരിശോധിച്ചെങ്കിലും എലികള്‍ കടിച്ച പാടുകളൊന്നും കണ്ടില്ലെന്നും, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here