മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധം

റിയാദ് : വനിതാ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റില്‍ സൗദി അറേബ്യക്കെതിരെ രൂക്ഷ വിമര്‍ശനമുയരുന്നു. പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോഴും ഏകാധിപത്യ പ്രവണതയില്‍ നിന്ന് ഒരിഞ്ച് മാറാന്‍ സൗദി ഒരുക്കമല്ലെന്നാണ് വിമര്‍ശകരുടെ പക്ഷം.

12 മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ആക്ഷേപങ്ങള്‍. 4 പേരെ മോചിപ്പിച്ചെങ്കിലും 8 പേര്‍ തടങ്കലില്‍ തുടരുകയാണ്. സൗദിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ആവശ്യപ്പെട്ട് ശബ്ദമുയര്‍ത്തിവയരാണ് പിടിയിലായത്.

അഭിഭാഷകരുള്‍പ്പെടെ 3 പുരുഷന്‍മാരും 9 സ്ത്രീകളുമാണ് പിടിയിലായതെന്നാണ് വിവരം. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഈമാന്‍ അല്‍ നഫ്ജാന്‍, അസീസ അല്‍ യൂസഫ് ലൗജയിന്‍ അല്‍ ഹത്ലൗല്‍ എന്നീ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും ഇവരെ പിന്‍തുണച്ച് കോടതിയില്‍ ഹാജരാകുന്ന രണ്ട് പുരുഷ അഭിഭാഷകരും അറസ്റ്റിലായവരില്‍പ്പെടും.

സൗദി ഭരണകൂടത്തിന്റെ ഈ നടപടിക്കെതിരെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ആംനെസ്റ്റി ഇന്റര്‍നാഷണലും രംഗത്തെത്തിയിരുന്നു. സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല.

എന്നാല്‍ ജൂണ്‍ 24 മുതല്‍ സൗദിയില്‍ വനിതകള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ അവകാശം നല്‍കിയിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിപ്ലവകരമായ നടപടിയായായാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്.

എന്നാല്‍ വനിതകളുടെ ഡ്രൈവിംഗിനായി നേരത്തേ മുതല്‍ ശബ്ദമുയര്‍ത്തുന്നവരാണ് അറസ്റ്റിലായര്‍. സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ആവശ്യപ്പെട്ട് ഇവര്‍ തെരുവിലിറങ്ങിയതാണ് ഇപ്പോഴത്തെ അറസ്റ്റില്‍ കലാശിച്ചത്.

ഇവര്‍ നേരത്തെയും വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭം നടത്തി അറസ്റ്റ് വരിച്ചവരാണ്. വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോഴും ഇത്തരം നടപടികളിലൂടെ സൗദി ഭരണകൂടം പിന്നോട്ടാണ് സഞ്ചരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

ഉപരിതലത്തില്‍ മാത്രമുള്ള മാറ്റങ്ങളാണ് സൗദി നടപ്പാക്കുന്നതെന്നാണ് കുറ്റപ്പെടുത്തല്‍. ഏകാധിപത്യം ഊട്ടിയുറപ്പിക്കുകയാണ് രാജകുടുംബമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

അഭിഭാഷകരെ പോലും ബന്ധപ്പെടാനാകാത്ത തരത്തിലാണ് വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ തടവിലാക്കിയത്. ഒരു വനിതാ വിമോചക പ്രവര്‍ത്തകയെ ഏകാന്ത തടവിലാക്കിയിരിക്കുകയാണെന്നും സംഘടനകള്‍ ആരോപിക്കുന്നു.

ഡ്രൈവിംഗിന് അനുമതി നല്‍കിയത് സ്ത്രീകളുടെ പോരാട്ടഫലമായല്ല പകരം രാജകുടുംബത്തിന്റെ സമ്മാനം എന്ന നിലയിലാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഭരണകൂടത്തിന്റെ ശ്രമമെന്ന് ഇവര്‍ പറയുന്നു.

വനിതാ സമൂഹത്തിന്റെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ സാക്ഷാത്കരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതെല്ലാം വാക്കിലൊതുങ്ങുകയാണെന്നാണ് ഇവരുടെ മറ്റൊരു വിമര്‍ശനം. എന്നാല്‍ അറസ്റ്റിലോ വിമര്‍ശനങ്ങളിലോ സൗദി ഭരണകൂടം പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here