ശ്രീദേവി കൊല്ലപ്പെട്ടതെന്ന് മുന്‍ പൊലീസ് എസിപി

ഡല്‍ഹി :നടി ശ്രീദേവിയുടെ ആകസ്മിക വിയോഗം സംഭവിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും മരണത്തിന് പിന്നിലെ ദുരൂഹത ഇനിയും പുറത്തു വന്നിട്ടില്ല. അബദ്ധത്തില്‍ ബാത്ത് ടബ്ബില്‍ വീണ് ശ്വാസം മുട്ടിയാണ് അപകടം മരണം സംഭവിച്ചതെന്നാണ് ദുബായ് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. അപകട മരണമെന്ന് സ്ഥിരീകരിച്ചതിന് ശേഷം ദുബായ് പൊലീസ് അന്വേഷണം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

എന്നിരുന്നാലും സംഭവത്തിന് പിന്നിലെ പല ദുരൂഹതകള്‍ക്കും അധികൃതര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. 5.7 അടി ഉയരമുള്ള വ്യക്തി എങ്ങനെയാണ് വെറും 5.1 അടി മാത്രം നീളമുള്ള ബാത്ത് ടബ്ബില്‍ വീണ് മരിക്കുക എന്നതാണ് പ്രധാനമായും ഉയരുന്ന സംശയം.

മരണത്തിന് പിന്നിലെ ദുരൂഹത ആരോപിച്ച് സുനില്‍ സിങ് എന്ന വ്യക്തി തുടര്‍അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മെയ് 11 ാം തീയതി സുപ്രീം കോടതി ഈ അപേക്ഷ തള്ളി. ഇതിന് ശേഷമാണ് ഡല്‍ഹി പൊലീസില്‍ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍ തന്നെ മരണത്തില്‍ സംശയമുന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. മുന്‍ ഡല്‍ഹി എസിപി വേദ് ഭൂഷണാണ് സംഭവത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്.

നടി ശ്രീദേവിയുടേത് ഒരു അപകട മരണമല്ലെന്നും അത് ഒരു ആസൂത്രിത കൊലപാതകമാണെന്നും വേദ് ഭൂഷണ്‍ പറയുന്നു. നടിയുടെ മരണം സംഭവിച്ച ദുബായിലെ ഹോട്ടലിലടക്കം പോയി താന്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് വേദ് ഭൂഷണ്‍ പറയുന്നു. ഒരാളെ ബാത്ത് ടബ്ബില്‍ ബലം പ്രയോഗിച്ച് മുഖം താഴ്ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം അപകട മരണമാണെന്ന് ചിത്രീകരിക്കാന്‍ വളരെ എളുപ്പമാണെന്ന് അദ്ദേഹം പറയുന്നു.

സംഭവം നടന്ന് ആദ്യ മണിക്കൂറുകളില്‍ കാര്‍ഡിയാക് അറസ്റ്റാണ് മരണ കാരണമെന്നാണ് പുറത്ത് വന്നിരുന്നത്. എന്നാല്‍ പിന്നീട് വെള്ളത്തില്‍ മുങ്ങിയുള്ള അപകട മരണമാണെന്ന് ദുബായ് പൊലീസ് പറഞ്ഞു. ദുബായ് പൊലീസ് ധൃതിപ്പെട്ട് കേസന്വേഷണം അവസാനിപ്പിച്ചതിലും ദുരൂഹതയുണ്ടെന്നും വേദി ഭുഷണ്‍ ആരോപിക്കുന്നു. താന്‍ ഇപ്പോഴും ഈ കേസിന്റെ അന്വേഷണത്തിലാണെന്നും ഇദ്ദേഹം പറയുന്നു.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here