റൊണാള്‍ഡോയുടെ മാസ്മരിക ഗോള്‍

ഇറ്റലി :ഇന്റര്‍നെറ്റില്‍ തരംഗമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാസ്മരിക ഗോള്‍. ചൊവാഴ്ച അരങ്ങേറിയ ചാമ്പ്യന്‍സ് ലീഗ് ക്വോര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദ സെമിയില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവാന്റസ് എഫ്‌സിക്കെതിരെ റയല്‍ താരം നേടിയ കലക്കന്‍ ഗോളാണ് സമൂഹ മാധ്യമങ്ങളില്‍ റൊണാള്‍ഡോ ആരാധകരെ ആവേശത്തിരയിലാഴ്ത്തിയത്.

മത്സരത്തില്‍ 3-0 ത്തിന്റെ മിന്നും വിജയവും യുവാന്റസിനെതിരെ റയല്‍ മാഡ്രിഡ് സ്വന്തമാക്കി. ഇതില്‍ രണ്ട് ഗോളുകളും പിറന്നത് റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്നായിരുന്നു. കളി തുടങ്ങി മുന്നാം മിനുട്ടില്‍ യുവാന്റസിന്റെ ഗോള്‍വല കുലുക്കി റൊണാള്‍ഡോ ഇറ്റലിയില്‍ തന്റെ വരവറിയിച്ചു.

മത്സരത്തില്‍ റൊണാള്‍ഡോ നേടിയ രണ്ടാമത്തെ ഗോളാണ് ഫുട്‌ബോള്‍ ആരാധകരുടെ നിലയ്ക്കാത്ത കയ്യടികള്‍ ഏറ്റു വാങ്ങുന്നത്. അവിസ്മരണീയമായ ഒരു ബൈസിക്കള്‍ കിക്കിലൂടെയാണ് റൊണാള്‍ഡോ തന്റെ ഫുട്‌ബോള്‍ കരിയറിലെ തന്നെ ഏറ്റവും മനോഹരമായ ഗോള്‍ സ്വന്തമാക്കിയത്. ബോളിന്റെ ദിശയറിഞ്ഞ്, ചടുലതയില്‍ പുറം തിരിഞ്ഞ് നിന്ന് ആകാശത്തേക്ക് ഉയര്‍ന്ന് പൊന്തിയതിന് ശേഷം ബൂട്ടുകള്‍ കൊണ്ട് ഗോള്‍ വല ലക്ഷ്യമാക്കിയ ക്രിസ്റ്റിയാനോയുടെ കിക്ക് ഫുട്‌ബോള്‍ ചരിത്രത്തില്‍ അവിസ്മരണീയ ഒരു ഏടാണ് എഴുതി ചേര്‍ത്തത്.

യുവാന്റസ് എഫ് സിയുടെ കാണികള്‍ അടക്കം ഏണീറ്റ് നിന്ന് കയ്യടികളോടെയാണ് റയല്‍ താരത്തിന്റെ ഈ ഗോളിനെ വരവേറ്റത്. തനിക്ക് അഭിനന്ദനം നേര്‍ന്ന എതിര്‍ ടീമിലെ ആരാധകരോട് കൈകൂപ്പി നന്ദി പറഞ്ഞാണ് ക്രിസ്റ്റ്യാനോ തന്റെ സന്തോഷം പങ്കു വെച്ചത്. തന്റെ ഫുട്‌ബോള്‍ കരിയറിലെ ഏറ്റവും മനോഹരമായ ഗോള്‍ എന്നാണ് മത്സര ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതിനെ വിശേഷിപ്പിച്ചത്.

‘ഒരു പാട് നാളുകളായി താന്‍ ഇത്തരത്തിലൊരു ഗോളിനായി ശ്രമിക്കുന്നു. കളിക്കളത്തിലെ സാഹചര്യങ്ങളും ഇതിന് അനുകൂലമായി വരണം. എല്ലാം കൂടി ഒത്തു വന്ന നിമിഷത്തില്‍ അത് സാധിച്ചു.ആ നിമിഷം തന്റെ ഓര്‍മ്മകളില്‍ എന്നും നിലനില്‍ക്കും ക്രിസ്റ്റ്യാനോ കൂട്ടിച്ചേര്‍ത്തു’.

നിരവധി ട്രോളുകളും ആരാധകര്‍ ക്രിസ്റ്റിയാനോയുടെ ഈ തകര്‍പ്പന്‍ ഗോള്‍ ആഘോഷിക്കാന്‍ ഒരുക്കിയിട്ടുണ്ട്. ക്രിസ്റ്റിയാനോ ഗോള്‍ നേടിയത് കണ്ട് റയല്‍ കോച്ച് സിദാന്റെ മുഖത്തുണ്ടായ അത്ഭുതം നിറഞ്ഞ ഭാവമാണ് ഏറെ രസകരം.

https://twitter.com/joharizzy/status/981373220577259523

 

LEAVE A REPLY

Please enter your comment!
Please enter your name here