സല്‍മാന്റെ മൂന്നാമത്തെ അമ്മ

ഇന്‍ഡോര്‍ :ലോകം മുഴുവന്‍ സല്‍മാന്‍ ഖാനെ കുറ്റപ്പെടുത്തിയാലും തന്റെ മകന്‍ ജയില്‍ മോചിതനായി തിരിച്ച് വരും എന്ന പ്രാര്‍ത്ഥനയിലാണ് ഈ വൃദ്ധ. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ രുക്മിണി ഭായി എന്ന 70 വയസ്സുകാരിയാണ് സല്‍മാന്റെ തിരിച്ച് വരവിനായി പ്രാര്‍ത്ഥനകളും വഴിപാടുകളുമായി കാത്തിരിക്കുന്നത്.

സല്‍മാന്‍ തന്റെ മൂന്നാമത്തെ അമ്മയായാണ് രുക്മിണി ഭായിയെ കണക്കാക്കുന്നത്. ഇതിന് പിന്നില്‍ സവിശേഷമായ ഒരു കാരണവുമുണ്ട്. 1965 ഡിസംബര്‍ 27 ന് ഇന്‍ഡോറിലെ കല്ല്യാണ്‍മാല്‍ നഴ്‌സിംഗ് ഹോമിലാണ് സല്‍മാന്‍ പിറന്ന് വീണത്. അന്ന് അവിടുത്തെ നഴ്‌സായിരുന്ന രുക്മിണി ഭായിയുടെ കൈകളിലേക്കായിരുന്നു സല്‍മാന്റെ ജനനം.

അതു കൊണ്ട് തന്നെ രുക്മിണി ഭായിയുമായി സവിശേഷമായ ഒരു മാതൃ-പുത്ര ബന്ധം സല്‍മാന്‍ പില്‍ക്കാലത്ത് എപ്പോഴും കാത്തു സൂക്ഷിച്ച് പോന്നു.
താരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ ഏപ്രില്‍ 5 ാം തീയ്യതി രുക്മിണി ഭായി അടുത്തുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജയും പ്രാര്‍ത്ഥനകളും നടത്തിയിരുന്നു. തന്റെ മകന്‍ എത്രയും പെട്ടെന്ന് ജയില്‍ മോചിതനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ.

കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 5 ാം തീയ്യതിയാണ് സല്‍മാനെ രാജസ്ഥാനിലെ ജോധ്പൂര്‍ കോടതി അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. 1998ല്‍ ജോധ്പൂരിലെ  കങ്കിണി ഗ്രാമത്തിലുള്ള ഒരു കാട്ടില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here