സല്‍മാന് അഞ്ച് വര്‍ഷം തടവ്‌

ജോധ്പൂര്‍ :കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി. കേസില്‍ സല്‍മാന്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ‘പഴക്കം ചെന്ന കുറ്റക്കാരന്‍’ എന്നാണ് വിചാരണ വേളയില്‍ കോടതി സല്‍മാനെ വിശേഷിപ്പിച്ചത്.

മറ്റു പ്രതികളായിരുന്ന സെയ്ഫ് അലി ഖാന്‍, തബു, സൊണാലി ബിന്ദ്ര, നീലം, ട്രാവല്‍ ഏജന്റായ ദുഷ്യന്ത് സിങ്, സല്‍മാന്റെ സഹായി ദിനേശ് ഖാവ്‌റേ എന്നിവരെ കോടതി വെറുതെ വിട്ടു. 1998 ല്‍ ഹം സാത് സാത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം.

ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജോധ്പൂരിലെത്തിയ സംഘം 1998 ഒക്ടോബര്‍ 2ാം തീയ്യതി കങ്കണി ഗ്രാമത്തില്‍ വെച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ വെടിവെച്ച് കൊലപ്പെടുത്തി എന്നതാണ് കേസ്. വന്യജീവി സംരക്ഷണ നിയമം സെക്ഷന്‍ 51 ,ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് സല്‍മാനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഗ്രാമവാസികളടക്കം 28 സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്.

കേസില്‍ സല്‍മാന്‍ 50000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 2012 മുതലാണ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചത്. സല്‍മാന്‍ ഖാന്റെ സാന്നിദ്ധ്യത്തിലായിരുന്നു ജോധ്പൂര്‍ ജില്ലാ കോടതി ജഡ്ജി ദേവേന്ദ്രകുമാര്‍ ഖത്രി വിധി പുറപ്പെടുവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here