‘പ്രവാസികള്‍ക്ക് സൗദിയില്‍ തൊഴില്‍ നഷ്ടപ്പെടില്ല’

തിരുവനന്തപുരം : ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗദി അറേബ്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്ന് അംബാസിഡര്‍ ഡോ. സൗദ് ബിന്‍ മുഹമ്മദ് അല്‍സാത്തി.

രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരോട് അദ്ദേഹം ആശയവിനിമയം നടത്തി.

പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകില്ല. നിര്‍മ്മാണ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കും. ഗതാഗത രംഗത്തും നിരവധി  അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും സൗദി അംബാസിഡര്‍ അല്‍സാത്തി അറിയിച്ചു.

ആരോഗ്യരംഗമാണ് കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെടുന്ന മറ്റൊരു മേഖല. സൗദിയിലാകമാനം നിരവധി ആശുപത്രികളാണ് തയ്യാറാകുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്കും പാരാ മെഡിക്കല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും നിരവധി അവസങ്ങളുണ്ടാകും.

സൗദിയിലേക്കുള്ള പ്രത്യേക ടൂറിസം വിസകള്‍ വൈകാതെ അനുവദിച്ചു തുടങ്ങുമെന്നും ഈ രംഗത്തെ സൗദിയുടെ വളര്‍ച്ചയ്‌ക്കൊപ്പം നിരവധി തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മക്ക – മദീന റെയില്‍ പാത ഉടന്‍ പൂര്‍ത്തീകരിക്കും. ഇതോടെ ഹജ്ജ് യാത്രികര്‍ക്ക് രണ്ട് മണിക്കൂര്‍ ലാഭിക്കാനാകും. ഇന്ത്യ സൗദിയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here