എണ്ണവില 100 ഡോളറാക്കുന്നത് തിരിച്ചടിയാകും

ന്യൂഡല്‍ഹി : എണ്ണവില ബാരലിന് 100 ഡോളറാക്കാനുള്ള സൗദി ശ്രമം കനത്ത തിരിച്ചടികള്‍ക്ക് വഴിവെയ്ക്കുമെന്ന് ആഗോള സാമ്പത്തിക ലോകം വിലയിരുത്തുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴിവെയ്ക്കുന്നതോടൊപ്പം സൗദിയുടെ എണ്ണമാര്‍ക്കറ്റിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

2008 ല്‍ എണ്ണവില ബാരലിന് 150 ഡോളറായി കുതിച്ചുയര്‍ന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയുള്ള കാലയളവില്‍ ലോകം സാമ്പത്തിക മാന്ദ്യത്തിന് വേദിയായി.
അമേരിക്കന്‍ സമ്പദ് രംഗത്ത് കനത്ത തകര്‍ച്ച ഇക്കാലയളവിലുണ്ടായി. ഇത് ലോക സമ്പദ് വ്യവസ്ഥയിലും ബഹിര്‍സ്ഫുരണങ്ങളുണ്ടാക്കി.

പിന്നീട് 2011 നും 2014 നും ഇടയില്‍ എണ്ണവില 100 ഡോളറിലെത്തിയപ്പോഴൊക്കെ അമേരിക്കന്‍ ഷെയ്ല്‍ ഓയിലിന് ലോക മാര്‍ക്കറ്റില്‍ വന്‍ സ്വീകാര്യതയുണ്ടായി. കൂടാതെ എണ്ണവില ബാരലിന് 100 കടന്ന സന്ദര്‍ഭങ്ങളിലൊന്നും വില സ്ഥിരമായി നിലനിന്നിട്ടില്ലെന്നതും ഓര്‍ക്കേണ്ടതുണ്ട്.

ഇത് സൗദി എണ്ണ മാര്‍ക്കറ്റിന് ദോഷകരമായാണ് ഭവിക്കുക. എണ്ണവില കുതിച്ചുയരുന്ന ഘട്ടത്തില്‍ അമേരിക്ക ഷെയ്ല്‍ ഉല്‍പ്പാദനം ഇരട്ടിയാക്കും. ഒപെക്കില്‍ അംഗമല്ലാത്ത അമേരിക്കയ്ക്ക് നിര്‍ബാധം ഷെയ്ല്‍ ഓയില്‍ ശുദ്ധീകരണം നടത്താനാകും. താരതമ്യേന വില കുറവായതിനാല്‍ രാജ്യങ്ങള്‍ അമേരിക്കയെ ആശ്രയിക്കും.

ഇതോടെ സൗദി ഇന്ധനവില്‍പ്പനയില്‍ ഇടിവുണ്ടാകും. കൂടാതെ എണ്ണവില ഉയരുന്നത് രാജ്യങ്ങള്‍ വിലക്കയറ്റത്തിന് വഴിവെയ്ക്കുകയും സമ്പദ് രംഗത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിപ്പിക്കുകയും ചെയ്യും. സൗദി എണ്ണവില ഉയര്‍ത്തുന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുക.

രാജ്യത്തിനാവശ്യമായ എണ്ണയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. സൗദിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ എണ്ണ എത്തിക്കുന്നതും. എണ്ണവില ബാരലിന് 70 ഡോളറില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ ലിറ്ററിന് 80 രൂപയോട് അടുക്കുകയാണ്.

എണ്ണയുല്‍പ്പാദക രാജ്യങ്ങള്‍ നിരക്ക് ഉയര്‍ത്തുന്നതോടെ ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയരും. ഇതോടെ രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലയും വന്‍തോതില്‍ വര്‍ധിക്കും.

ചരക്കുകടത്ത് നിരക്കില്‍ വന്‍ വര്‍ധനയുണ്ടാകുന്നതിനെ തുടര്‍ന്നാണിത്. സര്‍വ്വമേഖലയിലും വിലവര്‍ധന പ്രകടമാകും. സാധാരണക്കാരുടെ ഉപജീവനം ദുസ്സഹമാവുകയും സമ്പദ് വ്യവസ്ഥയില്‍ ഉലച്ചിലിനിടയാക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here