സൗദി അരാംകോ 44 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഇന്ധനമേഖലയില്‍ വന്‍ നിക്ഷേപം പ്രഖ്യാപിച്ച് സൗദി അറേബ്യ. എണ്ണക്കമ്പനി ഭീമനായ സൗദി അരാംകോയാണ് 44 ബില്യണ്‍ ഡോളറിന്റെ വന്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. മഹാരാഷ്ടയിലെ രത്‌നഗിരിയില്‍ ബൃഹത്തായ എണ്ണശുദ്ധീകരണശാല സ്ഥാപിക്കുകയാണ് ലക്ഷ്യം.

1.2 ദശലക്ഷം ബാരല്‍ എണ്ണ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള റിഫൈനറിയാണ് ഒരുക്കുന്നത്. പദ്ധതി സാക്ഷാത്കരിക്കപ്പെടുന്നതോടെ ഇന്ത്യയുടെ എണ്ണമേഖലയിലും പ്രകൃതിവാതക രംഗത്തും ശ്രദ്ധേയ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പ്രസ്തുത കമ്പനികളുമായി സൗദി അരാംകോ കഴിഞ്ഞദിവസം ധാരണാപത്രത്തില്‍ ഒപ്പിട്ടു.

ലോകത്തെ ഏറ്റവും ബൃഹത്തായ റിഫൈനറികളുടെ പട്ടികയില്‍ ഇടംപിടിക്കത്തക്ക വിധമാണ് രത്‌നഗിരിയില്‍ പദ്ധതി സാക്ഷാത്കരിക്കുക. എണ്ണലഭ്യതയിലും വിലയിലും ഉള്‍പ്പെടെ രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധി മറികടക്കുകയാണ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യം.

ലോകത്തെ ഏറ്റവും പ്രമുഖ എണ്ണക്കമ്പനികളില്‍ മുന്‍പന്തിയിലാണ് സൗദി അരാംകോ. ഇന്ത്യയിലെ നിക്ഷേപ പദ്ധതി അഭിമാനാര്‍ഹമായ നേട്ടമാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here