എംബിഎസിന്റെ പുതിയ ചിത്രം പുറത്തുവിട്ട് സൗദി

ദുബായ് : അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. ഫിഫയും സൗദി കായികമന്ത്രാലയവും വിവിധ തരത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചായിരുന്നു വെള്ളിയാഴ്ച ഇരുവരുടെയും ചര്‍ച്ച.

ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാന്‍ തുര്‍കി അല്‍ ഷെയ്ഖും ചര്‍ച്ചയില്‍ പങ്കാളിയായിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് സൗദി അധികൃതര്‍ ഈ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

കൗണ്‍സില്‍ ഫോര്‍ ഇക്കണോമിക് ആന്റ് ഡെവലപ്മെന്റ് അഫയേഴ്സിന്റെ യോഗത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആദ്ധ്യക്ഷം വഹിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

കൂടാതെ എംബിഎസ് അറബ് രാഷ്ട്ര നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന സൗഹൃദ ചിത്രവും പങ്കുവെച്ചിരുന്നു. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ, ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് അല്‍സീസി എന്നിവര്‍ക്കൊപ്പമുള്ളതായിരുന്നു ആ ഫോട്ടോ.

ഇത്തരത്തില്‍, എംബിഎസ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാത്തത് സംബന്ധിച്ചുയര്‍ന്ന ദുരൂഹതകള്‍ തള്ളുകയാണ് സൗദി. ഏപ്രില്‍ 21 ന് ശേഷം സൗദി കിരീടാവകാശി പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിലായിരുന്നു പ്രചരണങ്ങളുടെ തുടക്കം.

റിയാദിന് നേര്‍ക്ക് ആക്രമണം ഉണ്ടായതിന് ശേഷമാണ് ഈ തിരോധാനമെന്നായിരുന്നു ഫാര്‍സ് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഏപ്രില്‍ 21 ന് സൗദി കൊട്ടാരത്തിന് പുറത്ത് വെടിയൊച്ച കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ ആധാരമാക്കിയായിരുന്നു അഭ്യൂഹങ്ങള്‍.

ഈ സംഭവത്തിനിടെ 2 വെടിയുണ്ടകളേറ്റ് എംബിഎസ് കൊല്ലപ്പെട്ടെന്നായിരുന്നു ഇറാന്‍ മാധ്യമങ്ങളുടെ പ്രചരണം. ഏപ്രില്‍ 28 ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിനോടനുബന്ധിച്ചൊന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയിട്ടില്ല.

സൗദി രാജാവ് സല്‍മാനും വിദേശകാര്യമന്ത്രി അദേല്‍ അല്‍ ജുബൈറും പോംപിയോയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളേ പുറത്തുവന്നിരുന്നുള്ളൂ. പൊടുന്നനെയുള്ള എംബിഎസിന്റെ അപ്രത്യക്ഷമാകലാണ് ദുരൂഹതയുണര്‍ത്തിയത്.

അഴിമതിക്കാരായ രാജകുടുംബാംഗങ്ങളെയും ഭരണകര്‍ത്താക്കളെയും തടവിലാക്കിയതടക്കം വിപ്ലവകരമായ നീക്കങ്ങള്‍ എംബിഎസില്‍ നിന്നുണ്ടായിരുന്നു. കൂടാതെ സാമൂഹ്യ രംഗത്തും നിര്‍ണ്ണായക പരിഷ്‌കാരങ്ങളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്നത്.

സ്ത്രീകള്‍ക്ക് ഡ്രൈവിംഗിനും സ്റ്റേഡിയത്തില്‍ പ്രവേശനത്തിനും അനുമതി. വിവിധ മേഖലകളില്‍ നിയമനം. അബായ ധരിക്കുന്നതില്‍ ഇളവ് എന്നിവ പ്രഖ്യാപിച്ചിരുന്നു. കൂടാതെ 35 വര്‍ഷത്തെ സിനിമാ വിലക്ക് നീക്കി തിയേറ്ററുകള്‍ ആരംഭിക്കുകയും ചെയ്തു.

അത്തരത്തില്‍ ലോക ശ്രദ്ധയാകര്‍ഷിച്ച് സജീവമായി നില്‍ക്കെയുള്ള പെട്ടെന്നുള്ള പിന്‍വാങ്ങലാണ് പ്രചരണങ്ങള്‍ക്ക് ഇടയാക്കിയത്. എന്നാല്‍ ഈ വാദങ്ങളെയെല്ലാം രാജകുടുംബവും ഭരണകൂടവും തള്ളിക്കളയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here