യുദ്ധം അനിവാര്യമാകുമെന്ന് എംബിഎസ്‌

ദുബായ് : ഇറാനുമായി യുദ്ധം അനിവാര്യമായേക്കുമെന്ന മുന്നറിയിപ്പുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇറാന്‍ ഗള്‍ഫ് മേഖലയിലും ലോകത്തും ഉപദ്രവം തുടരുമ്പോള്‍ അന്താരാഷ്ട്ര സമൂഹത്തിന് അവരെ അടക്കി നിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ യുദ്ധം ഒഴിവാക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന എംബിഎസ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന് അനുവദിച്ച അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്. സൗദിക്കെതിരായി ഇറാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നിര്‍ലജ്ജം ആക്രമണം തുടരുകയാണ്.

ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ 10-15 വര്‍ഷത്തിനുള്ളില്‍ യുദ്ധം അനിവാര്യമാകും. വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഗൗരവ ശ്രദ്ധ പതിയണമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന യുഎസ് സന്ദര്‍ശനത്തിലാണ് എംബിഎസ് ഇപ്പോള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക രാഷ്ട്രീയ ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

സൗദി, മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അറുത്തുമാറ്റിയിരുന്നു. കൂടാതെ ഇറാനുമേല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here