ശവപ്പെട്ടി തുറന്ന കുടുംബത്തിന് വീണ്ടും വേദന

ദുബൈ: യുഎസില്‍ മരിച്ച പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങിയ സൗദി കുടുംബത്തിന് വീണ്ടും വേദന. ശവപ്പെട്ടി തുറന്ന കുടുംബം കണ്ടത് വേറെ ആളുടെ മൃതദേഹമാണ്. ശവപ്പെട്ടിയുടെ ഷിപ്പിങ് നമ്പറും അധികൃതര്‍ നല്‍കിയ രേഖകളിലെ നമ്പറും ചേരാതെ വന്നപ്പോഴാണ് ശവപ്പെട്ടി തുറന്നു പരിശോധിക്കാന്‍ തീരുമാനിച്ചത്.

ശവപ്പെട്ടി തുറന്നപ്പോള്‍ പിതാവിന്റെ മൃതദേഹത്തിനു പകരം മറ്റൊരാളുടെ മൃതദേഹമാണ് കുടുംബത്തിന് കണ്ടെത്താന്‍ കഴിഞ്ഞത്. പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് വേദനിച്ചിരുന്ന കുടുംബത്തെ കൂടുതല്‍ വേദനിപ്പിക്കുന്നതും കഷ്ടപ്പെടുന്നതിനും ഇതു കാരണമായി.

സൗദി പൗരന്‍ അമേരിക്കയിലെ വാഷിങ്ടണിലാണ് മരിച്ചതെന്ന് മൂത്ത മകന്‍ ബദാര്‍ അബു തലീബ് പറഞ്ഞു. മൃതദേഹം സൗദിയിലെത്തിച്ച് മരണാനന്തര ചടങ്ങുകള്‍ നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം. ഇതിന് വേണ്ടിയുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

ശവപ്പെട്ടി ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. ഇവിടെ വച്ചാണ് രേഖകളിലെ പൊരുത്തക്കേട് മനസിലായതെന്നും തലീബ് പറഞ്ഞു. സൗദിയിലേക്ക് കൊണ്ടു വന്ന ശവപ്പെട്ടിയില്‍ കണ്ട മൃതദേഹം യൂറോപ്യന്‍ പൗരന്റെ ആണെന്ന് സംശയിക്കുന്നു.

പിന്നീട് കുടുംബാംഗങ്ങള്‍ 20 ദിവസത്തിലധികം പിതാവിന്റെ മൃതദേഹത്തിന് വേണ്ടി അന്വേഷണം നടത്തി. ഒടുവില്‍ പിതാവിന്റെ മൃതദേഹം ലഭിച്ചത് വേറെ രാജ്യത്ത് നിന്നുമാണ്. അതേസമയം ഏത് രാജ്യത്ത് നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് കുടുംബം വ്യക്തമാക്കിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here