ഹോളിവുഡിന് ‘പണികൊടുത്ത്’ എംബിഎസ്‌

കാലിഫോര്‍ണിയ : സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഹോളിവുഡ് താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അപ്രതീക്ഷിത തിരിച്ചടി. ഹോളിവുഡ് താരങ്ങളുടെയും അണിയറക്കാരുടെയും വിഹാരകേന്ദ്രമാണ് ബവേര്‍ലി ഹില്‍സിലെ ഫോര്‍ സീസണ്‍സ് ഹോട്ടല്‍.

സിനിമാ താരങ്ങള്‍ തമ്പടിക്കുന്ന കേന്ദ്രം മാത്രമല്ല ചലച്ചിത്ര ചര്‍ച്ചകളും അനുബന്ധ പരിപാടികളുമെല്ലാം ഇവിടെ നടക്കാറുണ്ട്. എന്നാല്‍ മൂന്ന് ദിവസത്തേക്ക് ഹോട്ടല്‍ ഒന്നടങ്കം ബുക്ക് ചെയ്തിരിക്കുകയാണ് സൗദി കിരീടാവകാശിയും അദ്ദേഹത്തെ അനുഗമിക്കുന്ന സംഘവും.

1,78,000  ഡോളറിനാണ്‌ ഇദ്ദേഹം ഹോട്ടല്‍ ബുക്ക് ചെയ്തിരിക്കുന്നത്. ഇതോടെ ഹോളിവുഡ് താരങ്ങള്‍ക്ക് ഇവിടെ മുറി ലഭിക്കുന്നില്ല. പ്രസ്തുത ദിവസങ്ങളില്‍ മറ്റൊരാള്‍ക്കും അവിടെ മുറി ലഭിക്കില്ല. പലരും ഹോട്ടലുമായി ബന്ധപ്പെട്ടെങ്കിലും വെള്ളിയാഴ്ചയ്ക്ക് ശേഷമേ നടക്കൂവെന്നാണ് മറുപടി.

16 നിലകളുള്ള ഹോട്ടലില്‍ 285 വിശാലമായ മുറികളാണുള്ളത്. 185 ഗസ്റ്റ് റൂമുകളും 100 ആഡംബര മുറികളും ഇവയില്‍ ഉള്‍പ്പെടും. ഒരു രാത്രിക്ക് 625 ഡോളറാണ് നല്‍കേണ്ടത്. അങ്ങനെയെങ്കില്‍ മുഴുവന്‍ മുറികളും ബുക്ക് ചെയ്ത എംബിഎസ് ഈ ഹോട്ടല്‍വാസത്തിന് പ്രതിദിനം 1,78,000 ഡോളര്‍ ചെലവഴിക്കും.

ഈ ഹോട്ടലില്‍ വെച്ച് അദ്ദേഹം ഹോളിവുഡിലെ നിരവധി പ്രമുഖരെയും മാധ്യമ ശൃഖലകളുടെ ഉടമ റൂപര്‍ട്ട് മര്‍ഡോക്കിനെയും കാണുന്നുണ്ട്. അര മൈല്‍ അപ്പുറത്ത് ലെര്‍മിറ്റാഷ് എന്ന ആഡംബര ഹോട്ടലുണ്ട്. എംബിഎസ് അവിടെ 40 മുറികളും ബുക്ക് ചെയ്തിട്ടുണ്ട്.

ഒരു രാത്രിക്ക് 559 ഡോളറാണ് അവിടെ നല്‍കേണ്ടത്. അതുകൂടിയാകുമ്പോള്‍ പ്രതിദിനം രണ്ട് ലക്ഷത്തോളം ഡോളര്‍ ആകെ താമസച്ചിലവ് വരും. താമസിക്കുന്ന ആഡംബര ഹോട്ടലുകളിലെ മുഴുവന്‍ മുറികളും ബുക്ക് ചെയ്യുന്നത് എംബിഎസിന്റെ രീതിയാണെന്ന് അടുപ്പക്കാര്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here