സൗദി രാജകുമാരിയുടെ ഫോട്ടോയെ ചൊല്ലി വിവാദം

റിയാദ് : കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ സൗദി വിപ്ലവകരമായ പദ്ധതികളാണ് സാക്ഷാത്കരിക്കുന്നത്. വനികള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കിയത് ഇതില്‍ പ്രധാനമായിരുന്നു. ജൂണ്‍ 24 മുതല്‍ വനിതകള്‍ക്ക് സൗദിയില്‍ വാഹനങ്ങളോടിക്കാം.

അതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, കാറിന്റെ ഡ്രൈവിങ് സീറ്റില്‍ വളയം പിടിച്ചിരിക്കുന്ന രാജകുമാരിയുടെ ചിത്രം പുറത്തുവന്നത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. വോഗ് അറേബ്യ മാഗസിന്റെ കവര്‍ പേജിനായി പോസ് ചെയ്തതായിരുന്നു രാജകുമാരി ഹൈഫ ബിന്‍ത് അബ്ദുള്ള അല്‍ സൗദ്.

കവര്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും വിവാദത്തിന് വഴിവെച്ചിരിക്കുകയുമാണ്. ചുവന്ന കാറില്‍ വെളുത്ത വസ്ത്രത്തില്‍ വളയം പിടിച്ചിരിക്കുന്ന ഹൈഫയുടെ ചിത്രമാണ് പുറത്തുവന്നത്. കറുത്ത ഗ്ലൗസുകളും ഹീല്‍ചെരുപ്പം അണിഞ്ഞാണ് രാജകുമാരി ചിത്രത്തില്‍.

എന്നാല്‍ ഡ്രൈവിങ്ങിനുമുള്‍പ്പെടെ സ്ത്രീ സ്വാതന്ത്ര്യത്തിനായി പോരാട്ടരംഗത്തിറങ്ങിയ 11 പേരെ രാജകുടുംബത്തിന്റെ പൂര്‍ണ്ണനിയന്ത്രണത്തിലുള്ള ഭരണകൂടം അറസ്റ്റ് ചെയ്ത് തടവില്‍വെച്ചിരിക്കുകയാണ്. മാഗസിന്റെ കവറില്‍ രാജകുമാരിയെ ഗ്ലാമറോടെ അവതരിപ്പിക്കുന്നതിന് മുന്‍പ്, അവരെ മോചിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് നിരവധി പേര്‍ അഭിപ്രായപ്പെടുന്നു.

വനിതകളുടെ ഡ്രൈവിങ് അവകാശത്തിന് വേണ്ടി പോരാട്ടം നടത്തിയവരെ അന്യായമായി തടങ്കലില്‍ വെയ്ക്കുകയും അതേസമയം രാജകുമാരി അതിന്റെ പ്രചരണാര്‍ത്ഥം മാഗസിന്‍ കവറില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് പൊള്ളത്തരമാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം രാജകുമാരി തന്നെ ഇത്തരത്തില്‍ മാഗസിന്റെ കവറില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ യാഥാസ്ഥിതിക വാദികളും രൂക്ഷ വിമര്‍ശനമുന്നയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here