മിസൈല്‍ വാങ്ങാനുള്ള ഖത്തര്‍ നീക്കത്തിനെതിരെ സൗദി

പാരീസ് : റഷ്യയില്‍ നിന്ന് അത്യാധുനിക എസ്-400 എയര്‍ ഡിഫന്‍സ് മിസൈല്‍ സംവിധാനം വാങ്ങാനുള്ള ഖത്തര്‍ നീക്കത്തിനെതിരെ സൗദി അറേബ്യ രംഗത്ത്. ഈ നീക്കവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ ഖത്തര്‍ സൈനിക നടപടി നേരിടേണ്ടിവരുമെന്ന് സൗദി ഭീഷണി മുഴക്കിയതായാണ് റിപ്പോര്‍ട്ട്.

വിഷയത്തില്‍ ഇടപെടണമെന്ന് കാണിച്ച് കിങ് സല്‍മാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് കത്തയച്ചു. ഖത്തര്‍-റഷ്യ ആയുധ ഇടപാട് തടയാന്‍ ഇടപെടണമെന്നാണ് കിങ് സല്‍മാന്‍ ഫ്രഞ്ച് പ്രസിഡന്റിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

മേഖലയെ അനിശ്ചിതാവസ്ഥകളിലേക്ക് തള്ളിവിടുന്നതാണ് ഖത്തര്‍ നടപടിയെന്ന് സൗദി രാജാവ് ചൂണ്ടിക്കാട്ടുന്നു. മേഖലയെ സ്ഥിരതയോടെ നിര്‍ത്താന്‍ ഇടപെടണമെന്നാണ് ആവശ്യം. എന്നാല്‍ വിഷയത്തില്‍ ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

സൗദി, യുഎഇ, ബഹ്‌റിന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ചുമത്തിയ ഉപരോധത്തിന് ഒരുവര്‍ഷം പൂര്‍ത്തിയാവുകയാണ്. ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സാമ്പത്തിക ഉപരോധമുള്‍പ്പെടെ ചുമത്തിയത്.

എന്നാല്‍ ഈ പ്രതിസന്ധി മറികടക്കാന്‍ റഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി പുതിയ സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കുകയായിരുന്നു ഖത്തര്‍. ആയുധങ്ങള്‍ വാങ്ങാനുള്ള ഖത്തര്‍ നീക്കത്തെ ചെറുക്കാന്‍ സൈനിക നടപടിയുള്‍പ്പെടെയുള്ള അടിയന്തര നീക്കങ്ങള്‍ക്ക് തങ്ങള്‍ സജ്ജമാകുമെന്ന് സൗദി പ്രസ്തുത കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here