ബൈക്കില്‍ പുതുകുതിപ്പിന് സൗദി വനിതകള്‍

റിയാദ് : മോട്ടോര്‍ സ്‌പോര്‍ട്‌സ് സര്‍ക്യൂട്ടിലൂടെ ബൈക്കില്‍ കുതിച്ച് സൗദിയുടെ പുതിയ നാള്‍വഴികളിലേക്ക് വേഗം നേടുകയാണ് 19 കാരി ലീന്‍ ടിനാവി. ഈ അനുഭവത്തെ ‘സ്വാതന്ത്ര്യം’ എന്ന ഒറ്റവാക്കില്‍ ലീന്‍ വിശേഷിപ്പിക്കുന്നു.

സൗദിയില്‍ ബൈക്കില്‍ യുവതികള്‍ കുതിക്കുന്നത്, ആ രാജ്യത്തിനും ലോകത്തിനും പുതിയ കാഴ്ചാനുവഭവമാണ്. ലീനും കൂട്ടുകാരി ഹനാന്‍ അബ്ദുള്‍റഹ്മാനും മാത്രമല്ല നിരവധി വനിതകളാണ് ജൂണ്‍ മുതല്‍ ബൈക്കുകളും കാറുകളുമായി സൗദി നിരത്തിലിറങ്ങുക.

ജൂണ്‍ മുതലാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതിയുള്ളത്. കാറുകള്‍ക്ക് പുറമെ സ്ത്രീകള്‍ക്ക് മോട്ടോര്‍ സൈക്കിളുകളും വാനുകളും ട്രക്കുകളും ഓടിക്കാന്‍ അനുമതിയുണ്ട്. 7 മാസം മുന്‍പാണ് ഡ്രൈവിങ് വിലക്ക് നീങ്ങിയത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വിപ്ലവകരമായ പരിഷ്‌കരണങ്ങളില്‍ പ്രധാനമായിരുന്നു ഈ തീരുമാനം. നിര്‍ണ്ണായക പ്രഖ്യാപനത്തെ ചരിത്രപരം എന്നാണ് വനിതാസമൂഹം വിശേഷിപ്പിച്ചത്.

31 കാരിയാണ് ഹനാന്‍ അബ്ദുള്‍ റഹ്മാന്‍. മറ്റുദിവസങ്ങളില്‍ മോട്ടോര്‍ സ്‌പോര്‍ട്ട് സര്‍ക്യൂട്ട് കാറുകള്‍ കൊണ്ട് നിറയും. അതിനാല്‍ ബുധനാഴ്ച രാത്രികള്‍ ഹനാന്‍ അബ്ദുള്‍ റഹ്മാനും ലീന്‍ ടിനാവിയും ഇവിടെയെത്തും.

ഹാര്‍ലി ഡേവിഡ്‌സണിലും സുസൂക്കി ബൈക്കിലുമെല്ലാം കുതിച്ച് പരിശീലിക്കും. ടിനാവി ജോര്‍ദ്ദാനിലാണ് ജനിച്ചതെങ്കിലും വളര്‍ന്നത് സൗദിയിലാണ്. ഹാര്‍ലിയുടെ ടീഷര്‍ട്ടും ജീന്‍സുമണിഞ്ഞാണ് ഇവര്‍ പരിശീലനത്തിന് ഇറങ്ങാറ്.

സ്വകാര്യ ഇടങ്ങളിലേ ഈ വേഷത്തില്‍ പ്രത്യക്ഷപ്പെടാന്‍ അനുമതിയുള്ളൂ. ഡ്രൈവിങ് വിലക്ക് നീങ്ങുമ്പോള്‍ ഏത് വേഷത്തിലാണ് ബൈക്കുകള്‍ ഓടിക്കാന്‍ സാധിക്കുകയെന്ന ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

അബായയില്‍ ബൈക്ക് ഓടിക്കുക പ്രായോഗികമല്ലെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ശരീരം മുഴുവന്‍ മറയ്ക്കുന്ന സൗകര്യപ്രദമായ വേഷം തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാകുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു.

അബായ ധരിച്ചുമാത്രമേ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാവൂ എന്ന വ്യവസ്ഥയില്‍ സൗദി ഇളവ് വരുത്തിയിട്ടുണ്ട്. ഇതും ബൈക്ക് യാത്രയ്‌ക്കൊരുങ്ങുന്ന വനിതകള്‍ക്ക് പ്രതീക്ഷയേകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here