സൗദിയില്‍ സ്ത്രീകള്‍ക്ക് വീണ്ടും ‘ലോട്ടറി’

റിയാദ് : സൗദി അറേബ്യയില്‍ വനിതകള്‍ക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കാന്‍ ഇനിമുതല്‍ ഭര്‍ത്താവിന്റെയോ പുരുഷ ബന്ധുവിന്റെയോ അനുമതി ആവശ്യമില്ല. സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. ഇതുവരെ സ്വന്തം സംരംഭങ്ങള്‍ തുടങ്ങാന്‍ വനിതകള്‍ പുരുഷ രക്ഷിതാവിന്റെ അനുമതി തെളിയിക്കണമായിരുന്നു.

പിതാവിന്റെയോ സഹോദരന്റെയോ ഭര്‍ത്താവിന്റെയോ അനുമതിയാണ് അധികൃതര്‍ക്ക് മുന്നില്‍ സാക്ഷ്യപ്പെടുത്തേണ്ടിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ അതില്ലാതെ വനിതകള്‍ക്ക് സ്വന്തം പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാം. കൊമേഴ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് മന്ത്രാലയമാണ് ഇക്കാര്യം അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചത്.

എണ്ണയിതര വരുമാനം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി സ്വകാര്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കി വരികയാണ്. ഇതിന്റെ ഭാഗമായാണ് വ്യവസായ സൗഹൃദ നടപടിയുമായി സൗദി ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ കൂടുതല്‍ വനിതാ സൗഹൃദ നടപടികള്‍ സൗദി സ്വീകരിച്ചുവരുന്നതിന്റെ ഭാഗവുമാണിത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.

മുന്‍പത്തേതില്‍ നിന്ന്‌ വ്യത്യസ്ഥമായി വിവിധ തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ക്ക് നിയമനം നല്‍കി വരികയുമാണ്. അതിനിടെ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നുള്ള വിലക്ക് എടുത്തുകളഞ്ഞു. കൂടാതെ പൊതുസ്ഥലങ്ങളില്‍ പര്‍ദ്ദ ധരിക്കണമെന്ന നിയമത്തില്‍ ഇളവ് വരുത്തുകയും ചെയ്തിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് സ്ത്രീകള്‍ക്ക് പുരുഷ ബന്ധുവിന്റെ അനുമതി തെളിയിക്കാതെ സ്വന്തമായി ബിസിനസുകള്‍ ആരംഭിക്കാമെന്ന ഇളവ് നടപ്പില്‍വരുത്തുന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് സാമൂഹ്യ രംഗത്ത് സൗദി ശ്രദ്ധേയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here