ഹൈന്ദവത നിലനിന്നാലേ മതേതരത്വം ഉണ്ടാവൂ:ജാമിദ

കണ്ണൂര്‍ : ഇന്ത്യയില്‍ ഹൈന്ദവത നിലനിന്നാലേ മതതരത്വം സംരക്ഷിക്കപ്പെടൂവെന്ന് ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ ജാമിദ. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദീന്‍ദയാല്‍ ഉപാധ്യായ അനുസ്മരണത്തിലായിരുന്നു ജാമിദയുടെ പരാമര്‍ശം.

രാജ്യത്ത് വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ ആദ്യവനിതയായി ജാമിദ ഇക്കഴിഞ്ഞയിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ബിജെപി വേദിയില്‍ വെച്ച് ഇടത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് നേരെ ജാമിദ വിമര്‍ശനം അഴിച്ചുവിടുകയും ചെയ്തു.

ഇസ്ലാമിലെ അനാചാരങ്ങള്‍ക്കും പൗരോഹിത്യത്തിനുമെതിരെ നിലപാടെടുത്തതിനും മുത്തലാഖ് നിരോധന നിയമത്തെ പിന്‍തുണച്ചതിനും തനിക്കെതിരെ വധഭീഷണയും വധശ്രമവുമുണ്ടായി. എന്നാല്‍ ഈ വിഷയത്തില്‍ ഇടത് പുരോഗമന വിഭാഗം തന്നെ പിന്‍തുണച്ചില്ലെന്ന്‌ ജാമിദ പറഞ്ഞു.

ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി സ്ഥാപകനായ ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാളേ ശിക്ഷിക്കപ്പെട്ടുള്ളൂ. മറ്റ് പ്രതികള്‍ പുതിയ ഇരകളെ തേടി പുറത്തുണ്ട്. ദീന്‍ദയാല്‍ ഉപാധ്യായയുടേതും ദുരൂഹ മരണമായിരുന്നു.

സമൂഹത്തെ നവീകരിക്കാനുള്ള നിലപാടുകള്‍ സ്വീകരിച്ചവരായിരുന്നു ഇരുവരും. സമാന രീതിയില്‍ തന്നെയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നത്. വേദി നോക്കാതെ പ്രസംഗിച്ച കവി കുരീപ്പുഴ ശ്രീകുമാറിനോട് ചിലര്‍ വിയോജിപ്പ് അറിയിച്ചു. എന്നാല്‍ വിയോജിപ്പിനെ വധശ്രമമായി ചിത്രീകരിക്കുകയാണുണ്ടായത്.

പുരോഗമന സമൂഹം മുഴുവന്‍ കവിക്ക് പിന്‍തുണ നല്‍കി. ഏതിര്‍പക്ഷത്തുള്ളവരില്‍ മുസ്ലിം പേരുള്ളവര്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ കവിക്ക് ആ പിന്‍തുണ ലഭിക്കുമായിരുന്നില്ല. തന്നെ കൊല്ലാന്‍ ശ്രമിച്ചത് മുസ്ലിം നാമധാരിയായതിനാല്‍ ആരും പിന്‍തുണച്ചില്ല.

അഖിലയ്ക്ക് മാത്രമല്ല, മാതാപിതാക്കള്‍ക്കും മനുഷ്യാവകാശങ്ങളുണ്ടെന്ന് അവളെ പിന്‍തുണയ്ക്കുന്നവര്‍ ഓര്‍ക്കണമെന്നും ജാമിദ പറഞ്ഞു.മുസ്ലിം ലീഗും എസ്ഡിപിഐയുമെല്ലാം തന്നെ സംഘപരിവാര്‍ ആയി ചിത്രീകരിക്കുകയാണ്.

ബിജെപിയിലും ആര്‍എസ്എസിലും ഏതുമതക്കാര്‍ക്കും പ്രവര്‍ത്തിക്കാം. ഇന്ത്യ ഇസ്ലാമിക രാഷ്ട്രമാവാതിരിക്കാന്‍ ഹിന്ദുമതം ഒറ്റക്കെട്ടാകണമെന്നും ജാമിദ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here