വീണ്ടും അഫ്രീദിയുടെ മോശം പെരുമാറ്റം

കറാച്ചി :കളിക്കളത്തിലെ മോശം പെരുമാറ്റങ്ങള്‍ക്ക് പണ്ട് തൊട്ടേ പേരു കേട്ടയാളാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. എന്നാല്‍ അതുപോലെ തന്നെ ഒട്ടനവധി മനുഷ്യത്വം നിറഞ്ഞ പ്രവൃത്തികളിലൂടെയും ഈ താരം പലപ്പോഴും വിസ്മയിപ്പിക്കും. കളിക്കളത്തിലെ മികവിനാല്‍ പല ക്രിക്കറ്റ് പ്രേമികളുടെയും നെഞ്ചിലാണ് അഫ്രീദിയുടെ സ്ഥാനം.

എന്നാല്‍ കളിക്കളത്തില്‍ അവേശം കൊടുമ്പിരി കൊള്ളുമ്പോള്‍ പലപ്പോഴും അദ്ദേഹത്തിന് മനസ്സിനെ നിയന്ത്രിക്കാന്‍ പറ്റാറില്ല. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ശനിയാഴ്ച പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ മത്സരത്തിന് ഇടയിലുണ്ടായത്.

ലീഗില്‍ അഫ്രീദിയുടെ ടീമായ കറാച്ചി കിംഗ്‌സ് ശക്തരായ മുള്‍ട്ടാന്‍ സുല്‍ത്താനിനോട് എതിരിടുന്നതിനിടയിലായിരുന്നു താരത്തിന് തന്റെ നിയന്ത്രണം നഷ്ടമായത്. മുള്‍ട്ടാന് ജയിക്കാന്‍ 62 ബോളില്‍ 113 റണ്‍സ് വേണമെന്നിരിക്കെയാണ് കറാച്ചി കിംഗ്‌സിന് വേണ്ടി അഫ്രീദി വീണ്ടും ബോള്‍ ചെയ്യാനെത്തിയത്.

കൂറ്റനടിക്കാരനായ പൊള്ളാര്‍ഡിനെ കളിയുടെ തുടക്കത്തില്‍ തന്നെ പുറത്താക്കി അഫ്രീദി ടീമിന് മത്സരത്തില്‍ ആദ്യമെ തന്നെ മുന്‍തൂക്കം നല്‍കിയിരുന്നു. ക്രീസില്‍ പാക്കിസ്ഥാനിലെ യുവ ക്രിക്കറ്റര്‍ സയീഫ് ബദര്‍ ആയിരുന്നു.

ഒന്‍പതാം ഓവറിലെ നാലാമത്തെ പന്തില്‍ സയീഫിനെ അഫ്രീദി ക്ലീന്‍ ബൗള്‍ഡാക്കി. പിന്നെയായിരുന്നു അഫ്രീദിയുടെ മോശം പെരുമാറ്റം. കയ്യുയര്‍ത്തി സയ്യീഫിനോട് പവലിയനിലേക്ക് പോകുവാനുള്ള ആംഗ്യം കാണിച്ച അഫ്രീദി മോശം പദങ്ങളും ഈ യുവക്രിക്കറ്റര്‍ക്കെതിരെ പ്രയോഗിച്ചു.

വെറും 19 വയസ്സ് മാത്രം പ്രായമുള്ള, വളര്‍ന്നു വരുന്ന ദേശീയ താരത്തോട് മോശമായി പെരുമാറിയ അഫ്രീദിക്കെതിരെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലടക്കം നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ ഇതിനിടയില്‍ സയിഫ് ബദര്‍ സംഭവത്തിന്റെ വീഡിയോ അടക്കം ഇട്ട് ഒരു ട്വീറ്റ് ചെയ്തു.

‘ഇപ്പോഴും ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു ഷാഹിദ് ഭായ്’ എന്നായിരുന്നു ആ ട്വീറ്റില്‍ എഴുതിയിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട അഫ്രീദി ഉടന്‍ തന്നെ യുവതാരത്തോട് ക്ഷമാപണം നടത്തി.

‘ഞാന്‍ ക്ഷമ ചോദിക്കുന്നതായും കളിയുടെ ഒരു അവേശത്തിനിടയില്‍ സംഭവിച്ച് പോയതാണെന്നും താന്‍ തന്റെ പിന്‍തലമുറയെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നയാളാണ്’ എന്നുമായിരുന്നു അഫ്രീദിയുടെ മറുപടി ട്വീറ്റ്.

 

LEAVE A REPLY

Please enter your comment!
Please enter your name here