കള്ളന്‍മാര്‍ക്ക് അമളി പിണഞ്ഞു

ബീജിങ് : തികവുറ്റ ആസൂത്രണത്തിനൊടുവില്‍ മികവുറ്റ ഒരുക്കങ്ങളുമായാണ് രണ്ട് മോഷ്ടാക്കള്‍ എത്തിയത്. ഇരുവരും തലമൂടി ശരീരമാകെ മറച്ച് തിരിച്ചറിയാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. കൊള്ളയടിക്കേണ്ട കേന്ദ്രത്തിന് മുന്നില്‍ അവര്‍ പതുങ്ങിയെത്തി.

എന്നാല്‍ മുന്നില്‍ പ്രതിബന്ധമായുള്ളത് ഗ്ലാസ് ഡോര്‍. ഇതോടെ എറിഞ്ഞ് തകര്‍ക്കാന്‍ പദ്ധതിയിട്ടു. തുടര്‍ന്ന് വലിയ കല്ലുകട്ടകള്‍ കൊണ്ട് എറുതുടങ്ങി. എന്നാല്‍ സഹമോഷ്ടാവ് കല്ലോങ്ങുമ്പോള്‍ മുന്നോട്ട് നീങ്ങിയ മറ്റേയാളുടെ തലയ്ക്കാണ് ഏറുകൊണ്ടത്. പൊടുന്നനെ അയാള്‍ ബോധംകെട്ടുവീണു.

എറിഞ്ഞയാള്‍ ഉടന്‍ ഓടിയടുത്തെത്തി സഹമോഷ്ടാവിനെ അവിടെ നിന്ന് വലിച്ച് നീക്കുകയും ചെയ്തു. ചൈനയില്‍ ഫെബ്രുവരി 14 ന് രാത്രിയിലായിരുന്നു സംഭവം. ഒരു സ്ഥാപനം കൊള്ളയടിക്കാനുള്ള മോഷ്ടാക്കളുടെ പദ്ധതിയാണ് തങ്ങളുടെ തന്നെ കയ്യബദ്ധത്താല്‍ പൊളിഞ്ഞത്.

ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ പ്രസ്തുത സ്ഥാപനത്തിന്റെ സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിരുന്നു. അധികൃതര്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം പാളിയത് വ്യക്തമായത്. പ്രസ്തുത ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.

കള്ളന്‍മാര്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ തങ്ങളുടെ ജോലി കുറയുമെന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. പ്രമുഖ മാധ്യമമായ വെയ്‌ബോയില്‍ ഷാങ്ഹായ് പൊലീസ് അപ്‌ലോഡ് ചെയ്ത വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. ഇതിനകം 12 മില്യണിലേറെ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here