മന്ത്രിസഭാ യോഗത്തിലും സര്‍പ്രൈസ്

അജ്മാന്‍ :റേഡിയോ ലൈവില്‍ പരിഹസിക്കപ്പെട്ട സാധു വൃദ്ധനെ മന്ത്രിസഭയില്‍ വിളിപ്പിച്ചതിന് ശേഷം ഞെട്ടിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ട് ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. റാസല്‍ ഖൈമ സ്വദേശിയായ അലി അല്‍ മസ്റൂയി എന്ന 57 വയസ്സുകാരനെയാണ് മന്ത്രിസഭാ യോഗത്തിലേക്ക് ദുബായ് ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ക്ഷണിച്ചത്.

ഞായറാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു ഭരണാധികാരിയുടെ ക്ഷണം. രാവിലെ നടന്ന യോഗത്തില്‍ വൃദ്ധനേയും പങ്കെടുപ്പിച്ച് അദ്ദേഹത്തിന് മന്ത്രാലയത്തില്‍ ജോലിയും നല്‍കിയാണ് റാഷിദ് അല്‍ മക്തും വീണ്ടും ഏവരേയും അമ്പരപ്പിച്ചത്. സാമൂഹിക മന്ത്രാലയത്തില്‍ സോഷ്യല്‍ റിസര്‍ച്ചറായാണ് അല്‍ മസൂറായി ഇനി ജോലി ചെയ്യുക.

കൂടാതെ രാജ്യത്ത് താഴ്ന്ന വരുമാനം ലഭിക്കുന്ന പൗരന്‍മാരുടെ ഉന്നമനത്തിനായി 11 മില്ല്യണ്‍ ദര്‍ഹത്തിന്റെ പദ്ധതികള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സാമൂഹിക പിന്തുണയോടെ നടപ്പാക്കുവാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
കഴിഞ്ഞയാഴ്ച അജ്മാനിലെ ഒരു റേഡിയോ ചാനലിന്റെ ലൈവ് പരിപാടിക്കിടയില്‍ വിളിച്ചായിരുന്നു അല്‍ മസ്റൂയി തന്റെ ദുരിത കഥ വിവരിച്ചത്.

ഒന്‍പത് മക്കളുള്ള തനിക്ക് സ്വന്തമായി ഒരു വീട് വെക്കുവാന്‍ പോലും ഇവിടെ സാധിക്കുന്നില്ല. ഭക്ഷ്യ വസ്തുക്കളുടെ വില അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക് യുഎഇയില്‍ ജീവിക്കാന്‍ ബുദ്ധമുട്ട് ഏറി വരികയാണെന്നായിരുന്നു ഇദ്ദേഹത്തിന് സര്‍ക്കാരിനോടുള്ള പരാതി. ഇത് പറയുവാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തത്.

എന്നാല്‍ അവതാരകന്‍ ഇദ്ദേഹത്തെ പരിഹസിക്കുന്ന തരത്തിലുള്ള മറുപടികളാണ് തുടര്‍ന്ന് നല്‍കിയത്. സമൂഹ മാധ്യമങ്ങള്‍ വഴി ഈ ഓഡിയോ വ്യാപകമായി പ്രചരിക്കപ്പെടുകയും ഒടുവില്‍ ദുബായ് ഭരണാധികാരിയുടെ ചെവികളില്‍ എത്തുകയും ചെയ്തു. പൗരന്റെ പരാതി കേട്ട റാഷിദ് അല്‍ മക്തും ഞായറാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിലേക്ക് ഇദ്ദേഹത്തെ ക്ഷണിക്കുകയുമായിരുന്നു.

വൃദ്ധനെ അപമാനിച്ച സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയതോടെ റേഡിയോ പരിപാടിയുടെ അവതാരകനെ സസ്പെന്റ് ചെയ്യാന്‍ അജ്മാന്‍ കിരീടവകാശി ഉത്തരവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here