മാതൃത്വത്തിന്റെ വൈകാരിക തലങ്ങള്‍ ആവിഷ്‌കരിച്ച് ‘കനി’

നിര്‍വചന രീതിശാസ്ത്രങ്ങളിലെ സമവാക്യങ്ങളാല്‍ വിലയിരുത്താവുന്നതല്ല ഒരമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം. കണ്‍മണിക്ക് ജന്‍മം നല്‍കുന്നതോടെ പെണ്ണ്, അമ്മയെന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെടും. അതിതീവ്രമായ ആ വായ്പിനെ പെറ്റമ്മയെന്ന പ്രയോഗത്താലാണ് നാം സാക്ഷാത്കരിക്കാറ്. എന്നാല്‍ പോറ്റമ്മയെന്ന വാത്സല്യവായ്പും അത്രമേല്‍ വൈകാരികതീക്ഷ്ണമാണ്.

സ്വരക്തത്തിലെ പിറവിയായാലും എടുത്തുവളര്‍ത്തിയതായാലും മാതൃത്വത്തിന് ഭേദമില്ല. ആ ഹൃദയത്തില്‍ നിന്ന് വഴിയുന്ന സ്‌നേഹം പരിധിരഹിതമാണ്. മാതൃഹൃദയം പങ്കുവെയ്ക്കുന്ന സ്‌നേഹാതിരേകത്തിന് പെറ്റമ്മ, പോറ്റമ്മ വ്യത്യാസമില്ലെന്ന് ചുരുക്കം. ആ അര്‍ത്ഥത്തില്‍ അവയ്ക്കുള്ളത് കേവല അക്ഷരവ്യത്യാസങ്ങള്‍ മാത്രവുമാണ്.

എന്നാല്‍ ജനിതക പരിശോധനാഫലം (ഡിഎന്‍എ ടെസ്റ്റ് ) എന്നത് മാതൃജീവ ബന്ധത്തിന്റെയും പിതൃത്വത്തിന്റെയും ആധികാരിക ഏകകമാണ്. യഥാര്‍ത്ഥ അച്ഛന്‍, ജന്‍മമേകിയ അമ്മ, ശരിയായ കുഞ്ഞ് എന്നിവയെല്ലാം തെളിയിക്കാനുള്ള പരമോന്നത ഉപാധി. പക്ഷേ ഒരു പെണ്ണിന്റെ മാതൃഭാവത്തിന്, അവള്‍ പ്രസവിക്കണമെന്നില്ല.

അല്ലെങ്കില്‍ ജന്‍മം നല്‍കുന്നത് കൊണ്ടുമാത്രം പെണ്ണില്‍ ഉത്തമ മാതൃഭാവം കൈവരണമെന്നില്ല. അതിനാല്‍ ജനിതക പരിശോധനാഫലം വെച്ച് മാതാപിതാക്കളും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തെ നിര്‍ണ്ണയിക്കാനാകില്ല.

ആശുപത്രികളിലെ പിഴവുകളാല്‍, പിറന്നപടി കുഞ്ഞുങ്ങള്‍ മാറിപ്പോകുന്ന ദുരവസ്ഥയെടുക്കാം. ഇത്തരം ഘട്ടങ്ങളില്‍ ജന്‍മം നല്‍കിയ മാതാപിതാക്കള്‍ക്ക്, യഥാര്‍ത്ഥ കുഞ്ഞിനെ തിരികെ കിട്ടാന്‍ ഡിഎന്‍എ ടെസ്റ്റാണ് അവസാന അത്താണി. അത്തരത്തില്‍ അത് അനുഗ്രഹമാണെന്ന് പറയാതിരിക്കാനുമാകില്ല.

പക്ഷേ വീണ്ടെടുക്കപ്പെടുന്നതുവരെ പിഞ്ചോമനകള്‍ മറ്റൊരിടത്താണ് വളരുന്നത്. മറ്റൊരമ്മയുടെ മാറിന്റെ ചൂടും മധുരവും നുണഞ്ഞാണ് വളരുന്നത്. വേറൊരു മതത്തിലോ ജാതിയിലോ വിശ്വസിക്കുന്നവര്‍ക്കിടയിലാകാം അവര്‍ പാല്‍പ്പുഞ്ചിരി തൂകുന്നത്. വ്യത്യസ്തമാര്‍ന്ന ജീവിത സാഹചര്യത്തിന്റെ തൊട്ടിലിലാകാം അവരുറങ്ങുന്നത്.

ഒരു നഴ്‌സിന്റെ കൈപ്പിഴയില്‍ കുഞ്ഞിന്റെ മതവും ജാതിയുമെല്ലാം മാറിമറിയാം എന്ന് ചുരുക്കം. അങ്ങനെയെങ്കില്‍ മതത്തിന്റെയോ ജാതിയുടേയോ പേരിലുള്ള മേനിനടിക്കല്‍ എത്രമാത്രം നിരര്‍ത്ഥകമാണെന്നതിന്റെ ഉദാത്ത ദൃഷ്ടാന്തമാണത്. മറുവശമെടുത്താല്‍, ജനനസമയം, രാശി, നക്ഷത്രം, ഗ്രഹനില തുടങ്ങിയ വിശ്വാസങ്ങള്‍ പിറവിയുമായി ബന്ധപ്പെട്ട് ഹിന്ദുസമൂഹത്തിലുണ്ട്.

ആ വ്യക്തിയെ ജീവിതകാലം മുഴുവന്‍ നിര്‍ണ്ണയിക്കുന്നത് അപ്പോള്‍ കുറിക്കപ്പെടുന്ന വിവരങ്ങളിലാലാണെന്നാണ് സങ്കല്‍പ്പം. മുസ്ലിം,ക്രിസ്ത്യന്‍ മതങ്ങള്‍ക്കും ജനനസമയം സംബന്ധിച്ച് അവരവരുടേതായ വിശ്വാസങ്ങളുണ്ട്. എങ്കില്‍ ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ മാറിപ്പോകുന്ന ഘട്ടത്തില്‍ ഈ വിശ്വാസങ്ങള്‍ക്ക് എന്ത് അടിസ്ഥാനമുണ്ട് ?

ഇത്തരം നിര്‍ണ്ണായകമായ ചോദ്യങ്ങള്‍ അത്രമേല്‍ യുക്തിഭദ്രമായി ഉന്നയിക്കുന്ന ഹ്രസ്വചിത്രമാണ് ‘കനി’. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചോരക്കുഞ്ഞുങ്ങളെ മാറിപ്പോയതും ഡിഎന്‍എ ടെസ്റ്റിലൂടെ തിരിച്ചുകിട്ടിയതും അധികരിച്ചാണ് ചിത്രം. മാതൃത്വത്തിന്റെ വിവിധങ്ങളായ വൈകാരിക തലങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.

മാധ്യമപ്രവര്‍ത്തകനായ ഷൈബിന്‍ ഷഹാനയാണ് തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എഴുത്തുകാരി ഡോ. ശ്രീകല മുല്ലശ്ശേരിയുടേതാണ് കഥ. നക്ഷത്ര ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുക്കിയ ചിത്രത്തില്‍ നിര്‍മ്മല്‍ പാലാഴിയാണ് മുഖ്യവേഷത്തില്‍ എത്തുന്നത്. തമാശവേഷങ്ങള്‍ വിട്ട് ക്യാരക്ടര്‍ റോളിലെത്തിയ നിര്‍മ്മലിന്റെ ശ്രദ്ധേയ പ്രകടനവും ചിത്രത്തെ സവിശേഷമാക്കുന്നു.

പാര്‍വതി ആര്‍ കൃഷ്ണ, അമല റോസ് കുര്യന്‍, രമാ നാരായണന്‍, സുലോചന, സാദിഖ്, ഫൈസല്‍ തുടങ്ങിയവരും വേഷമിടുന്നു. ഷൈബിന്റെ വരികള്‍ക്ക് മിഥുന്‍ ഈശ്വര്‍ സംഗീതം നല്‍കുന്നു. യൂട്യൂബില്‍ തരംഗമാവുകയാണ് ചിത്രം.

ക്യാമറ: ദീപക് എസ് നായര്‍, ക്രിയേറ്റീവ് ഡയറക്ടര്‍, എഡിറ്റര്‍: സതീഷ് ഗോപാല്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍:വി അബ്ദുള്‍ റസാക്ക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രമോദ് കുന്നത്തുപാലം. അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് പി വന്നൂര്‍, ഇഫക്ട്സ്: അമൃത് ശങ്കര്‍, കോസ്റ്റ്യൂംസ്: മുരുകന്‍സ്, ആര്‍ട്ട്: നാഗരാജ് കോട്ടൂളി, മിക്സിംഗ്: രേവന്ത് നാനോത്ത്, ഗായിക: മാതു, മേക്കപ്പ്: പ്രഭീഷ്.

LEAVE A REPLY

Please enter your comment!
Please enter your name here