സോനം ഇനി ആനന്ദിന്റെ പ്രിയതമ

മുംബൈ : ബോളിവുഡ് അഭിനേത്രി സോനം കപൂര്‍ വിവാഹിതയായി. യുവവ്യവസായി ആനന്ദ് അഹുജയാണ് സോനത്തെ താലിചാര്‍ത്തിയത്. മുംബൈ ബാന്ദ്രയിലെ റോക്‌ഡേല്‍ മാന്‍ഷനിലായിരുന്നു വിവാഹം.

സിഖ് ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്താലും ചടങ്ങ് ശ്രദ്ധേയമായിരുന്നു.

ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുഷി, ആര്‍ജുന്‍, അന്‍ഷൂല കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, രണ്‍വീര്‍ സിങ്, ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, റാണി മുഖര്‍ജി തുടങ്ങിയവരുടെ സാന്നിധ്യമുണ്ടായിരുന്നു.

ചുവപ്പിലും സ്വര്‍ണ്ണനിറത്തിലുമുള്ള ലെഹങ്ക ചോളിയിലായിരുന്നു സോനം. ഇന്ന് വൈകീട്ട് വിവാഹ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. നാളെ പുലര്‍ച്ചെ വരെ ആഘോഷപരിപാടികള്‍ നീണ്ടുനില്‍ക്കും.

വിവാഹശേഷവും തിരക്കേറിയ ദിനങ്ങളാണ് സോനത്തെ കാത്തിരിക്കുന്നത്. കാന്‍ ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പെറ്റില്‍ ചുവടുവെയ്ക്കാന്‍ സോനം ഫ്രാന്‍സിലേക്ക് പറക്കും. ജൂണ്‍ 1 നാണ് വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിന്റെ റിലീസ്.

ഇതിന്റെ പ്രമോഷണല്‍ പരിപാടികളിലും നടി സജീവമാകും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.

2014 ലാണ് ആനന്ദ് സോനത്തെ കാണുന്നത്. പരിചയപ്പെട്ട് ഒരു മാസത്തിനകം തന്നെ ആനന്ദ് വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here