സിറിയയില്‍ സൗദി അമേരിക്കയോടൊപ്പം

റിയാദ് :സിറിയന്‍ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടാനൊരുങ്ങുന്ന യുഎസ്സിന് പിന്തുണ നല്‍കി സൗദി അറേബ്യ. അമേരിക്ക ആവശ്യപ്പെടുന്ന പക്ഷം സിറിയയിലേക്ക് തങ്ങളുടെ സൈന്യത്തെ അയക്കാന്‍ തയ്യാറാണെന്ന് സൗദി വിദേശ കാര്യ മന്ത്രി ആദേല്‍ അല്‍ സുബൈര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയ ഗ്വുട്ടറസിനൊപ്പം റിയാദില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സൗദി വിദേശ കാര്യ മന്ത്രിയുടെ നിര്‍ണ്ണായക പ്രസ്താവന.

സിറിയയില്‍ ആഭ്യന്തര പ്രശ്‌നം ഉണ്ടായ കാലഘട്ടം മുതല്‍ തന്നെ തങ്ങള്‍ ഈ അഭിപ്രായം അമേരിക്കയ്ക്ക് മുന്നില്‍ വെച്ചതാണെന്നും അദേല്‍ അല്‍ സുബൈര്‍ വ്യക്തമാക്കി. ഒബാമ ഭരണകൂടം അമേരിക്കയില്‍ അധികാരത്തിലിരിക്കുമ്പോഴാണ് സൗദി ഈ അഭിപ്രായം മുന്നോട്ട് വെച്ചത്. യുഎസ്സ് സിറിയയിലേക്ക് സൈന്യത്തെ അയക്കാന്‍ തയ്യാറാവുകയാണെങ്കില്‍ സൗദി സഹകരിക്കുമെന്നായിരുന്നു മുന്നോട്ട് വെച്ച ആശയം.

2016 ല്‍ ഇറാഖില്‍ ഐഎസ് ഭീകരരെ അമര്‍ച്ച ചെയ്യാനും സൈനികരെ അയക്കാന്‍ സൗദി തയ്യാറായായിരുന്നു. അതേസമയം 2014 മുതല്‍ ഐഎസ് ഭീകരരെ അമര്‍ച്ച ചെയ്യാനുള്ള വ്യോമയാന നീക്കങ്ങളില്‍ അമേരിക്കയോടൊപ്പം സൗദി സഹകരിച്ചിട്ടുണ്ട്. അറബ് രാജ്യത്തെ സൈനിക ശക്തികളെ സിറിയന്‍ മേഖലയില്‍ വിന്യസിച്ച് ആവശ്യമായ സഹായങ്ങള്‍ നല്‍കി തങ്ങളുടെ സൈനികരെ പിന്‍വലിക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പദ്ധതിയിടുന്നുവെന്ന് പ്രമുഖ പത്രമായ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനായി സൗദി, യുഎഇ, ഈജിപ്റ്റ് അടക്കമുള്ള രാജ്യങ്ങളുടെ അഭിപ്രായം ആരായാനും ട്രംപിന് പദ്ധതിയുള്ളതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ അനുകൂല നിലപാടുമായി സൗദിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here