രാജകുമാരനെ കാണാനെത്തിയ സുഹൃത്തുക്കള്‍

പാരീസ് :മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ചിത്രങ്ങള്‍ വൈറലാവുന്നു. ചൊവാഴ്ച പ്രസിഡണ്ട് ഇമ്മാന്വവല്‍ മാക്രോണ്‍ പാരീസില്‍ സംഘടിപ്പിച്ച ആത്താഴ വിരുന്നോട് കൂടിയാണ് സൗദി രാജകുമാരന്റെ ഫ്രാന്‍സ് സന്ദര്‍ശനം അവസാനിച്ചത്.

ഫ്രാന്‍സില്‍ വന്നിറങ്ങിയ ദിവസവും പ്രസിഡണ്ടിനൊപ്പമായിരുന്നു സൗദി രാജകുമാരന്റെ അത്താഴം. ഇരു രാജ്യങ്ങള്‍ക്കും പുറമെ ഈ യുവഭരണാധികാരികള്‍ക്ക് ഇടയിലും ആഴത്തിലുള്ള സൗഹൃദ ബന്ധം കെട്ടിപ്പടുക്കുന്നതില്‍ സന്ദര്‍ശനം ഗുണകരമായെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

സന്ദര്‍ശനത്തിനിടയില്‍ ഊര്‍ജം,കൃഷി, ടൂറിസം, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ 18 കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാവസായിക,സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ സഹകരണവും നിക്ഷേപവും വര്‍ധിപ്പിക്കുവാന്‍ സന്ദര്‍ശനം ഗുണകരമായെന്നാണ് വിലയിരുത്തല്‍.

ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരില്‍ നിന്നും യെമനില്‍ സൗദി പട്ടാളത്തിനു നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ ചെറുക്കുവാന്‍ വേണ്ട അത്യാധുനിക ആയുധ സംവിധാനങ്ങളെ കുറിച്ചും ഇരു രാജ്യത്തലവന്‍മാരും ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു.

ഇതിനിടെ ലബനന്‍ പ്രധാനമന്ത്രി സയ്യീദ് ഹരീരിയും മൊറോക്കോ രാജാവ് മുഹമ്മദ് ആറാമനും ഫ്രാന്‍സിലെത്തി സൗദി രാജകുമാരനെ കണ്ട് തങ്ങളുടെ ബന്ധം ഊട്ടിയുറപ്പിച്ചതും സന്ദര്‍ശനത്തിലെ വേറിട്ട കാഴ്ച്ചകളായി. തികച്ചും അപ്രതീക്ഷിതമായിരുന്നു ഇവരുടെ സന്ദര്‍ശനം. ഇവരോടൊപ്പമെടുത്ത സെല്‍ഫികളും സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here