50 കാരനെ സിംഹങ്ങള്‍ കൊലപ്പെടുത്തി

പ്രിട്ടോറിയ: വേട്ടയ്‌ക്കെത്തിയ അമ്പതുകാരനെ സിംഹങ്ങള്‍ ക്രൂരമായി കൊലപ്പെടുത്തി. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിലാണ് സംഭവം. മൊസാമ്പിക് സ്വദേശിയായ ഡേവിഡ് ബാലോയിയെയാണ് സിംഹങ്ങള്‍ ആഹാരമാക്കിയത്.

ഇയാളുടെ തല മാത്രമാണ് സിംഹങ്ങള്‍ ബാക്കിവെച്ചത്. മൃതദേഹാവശിഷ്ടങ്ങളുടെ സമീപത്ത് നിന്നും തോക്കും വെടിക്കോപ്പുകളും കണ്ടെത്തി. ഇയാള്‍ക്കൊപ്പം നായാട്ടിനുണ്ടായിരുന്ന രണ്ട് പേരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്നോ നാലോ സിംഹങ്ങള്‍ കൂട്ടമായി ഡേവിഡിനെ ആക്രമിച്ചിരിക്കാനാണ് സാധ്യതയെന്ന് വനപാലകര്‍ വിലയിരുത്തുന്നു.

ആക്രമണ സമയത്ത് തോക്ക് പ്രവര്‍ത്തിക്കാതിരുന്നതോ അല്ലെങ്കില്‍ ആക്രമണം അപ്രതീക്ഷിതമായതിനാലോ ആകാം കൊലപാതകം നടന്നതെന്നും ഇവര്‍ സംശയിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ സിംഹവേട്ട അനുവദിക്കുന്ന ഗെയിംപാര്‍ക്കുകള്‍ നിരവധിയുണ്ട്.

സിംഹത്തിന്റെ പല്ലുകള്‍ക്കും, കാല്‍പ്പാദങ്ങള്‍ക്കും വേണ്ടി പ്രാദേശിക വേട്ടക്കാരും ധാരാളമായി വേട്ടക്കിറങ്ങുന്നുണ്ട്. സിംഹങ്ങളുടെ പല്ലും, നഖങ്ങളും മരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ മൃഗങ്ങളുടെ ശരീരഭാഗങ്ങളുടെ കയറ്റുമതിക്ക് നിരോധനമുണ്ടെങ്കിലും അനധികൃത കള്ളക്കടത്ത് സജീവമായി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here