വിമാനത്തിന്റെ യന്ത്രഭാഗം പൊട്ടിത്തെറിച്ചു

ഫിലാഡല്‍ഫിയ: യുഎസില്‍ യാത്രാവിമാനത്തിന്റെ എഞ്ചിന്‍ യാത്രാമധ്യേ പൊട്ടിത്തെറിച്ച് യാത്രക്കാരി മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിമാനം അടിയന്തരമായി ഫിലാഡല്‍ഫിയയില്‍ ഇറക്കി. ന്യൂയോര്‍ക്കിലെ ലാ ഗാര്‍ഡിയന്‍ വിമാനത്താവളത്തില്‍ നിന്ന് ഡാളസിലേക്ക് യാത്ര തിരിച്ച സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ 1380 വിമാനത്തിന്റെ എഞ്ചിനാണ് പറക്കുന്നതിനിടയില്‍ തീ പിടിച്ച് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയില്‍ മെറ്റല്‍ ഭാഗങ്ങള്‍ വന്നിടിച്ച് വിമാനത്തിന്റെ ജനാലയും ചിറകുകളും ഉടല്‍ഭാഗവും തകര്‍ന്നു.

ജനാലയിലൂടെ അകത്തേക്ക് തെറിച്ചുകയറിയ ഭാഗമാണ് യാത്രക്കാരിയുടെ ജീവനെടുത്തത്. വിമാനത്തില്‍ 143 യാത്രക്കാരും അഞ്ച് ജീവനക്കാരുമുണ്ടായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന. ജെന്നിഫര്‍ റിയോര്‍ഡണ്‍(43) എന്ന യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്.

രണ്ട് കുട്ടികളുടെ മാതാവായ ജെന്നിഫര്‍ മെക്‌സിക്കോയിലെ വെല്‍സ് ഫാര്‍ഗോ ബാങ്കിന്റെ വൈസ് പ്രസിഡന്റാണ്. വിമാനത്തിന്റെ ഇടതുഭാഗത്തുള്ള എഞ്ചിനാണ് പൊട്ടിത്തെറിച്ചത്. അപകടത്തെത്തുടര്‍ന്ന് വിമാനം അടിയന്തിരമായി ഫിലാഡല്‍ഫിയ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നു. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബോയിങ് 737 – 700 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

പൊട്ടിത്തെറിയില്‍ ആടിയുലഞ്ഞ വിമാനം ഏതുനിമിഷവും തകരാമെന്ന നിലയിലായിരുന്നു. ജീവനക്കാരുടെയും പൈലറ്റുമാരുടെയും കൃത്യമായ ഇടപെടലുകളാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. വിമാനത്തിന് മറ്റ് സുരക്ഷാ വീഴ്ചകളൊന്നും യാത്രയ്ക്ക് മുമ്പുള്ള പരിശോധനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here