ശ്രീജിത്ത് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു.

782ാം ദിവസമാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചിരിക്കുന്നത്.ഇന്ന് രാവിലെ സിബിഐ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയ ശേഷമാണ് സമരം അവസാനിപ്പിക്കാന്‍ ശ്രീജിത്ത് തീരുമാനിച്ചത്.

ശ്രീജിത്തിന്റെ അമ്മയും മൊഴി നല്‍കിയിട്ടുണ്ട്. ഇതിനു ശേഷമാണ് സമരം അവസാനിപ്പിക്കുന്ന കാര്യം ശ്രീജിത്ത് അറിയിച്ചത്. ‘സമരം എത്തേണ്ടിടത്ത് എത്തിയിരിക്കുന്നു, ഇനിയും സമരം ചെയ്യേണ്ട ആവശ്യമില്ല’ എന്ന് ശ്രീജിത്ത് വ്യക്തമാക്കി.

സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം ആരംഭിച്ചത്. ഒരു സ്വകാര്യ ചാനല്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് ഈ ഒറ്റയാള്‍ പോരാട്ടം സമൂഹ മാധ്യമങ്ങളിലൂടെ കൂടുതല്‍ ജനങ്ങള്‍ അറിഞ്ഞ് തുടങ്ങിയത്.

തുടര്‍ന്ന് നിരവധി പേര്‍ ശ്രീജിത്തിന് പിന്തുണയുമായി സെക്രട്ടറിയേറ്റ് നടയ്ക്കല്‍ എത്തിയിരുന്നു. കൂടാതെ ശ്രീജിത്തിനെ പിന്തുണച്ച് സമൂഹമാധ്യമങ്ങള്‍ വഴി ഉരുത്തിരിഞ്ഞ് വന്ന കൂട്ടായ്മ അമ്മമാരും കുട്ടികളുമടക്കം പതിനായിരക്കണക്കിന് പേര്‍ അണിനിരന്ന റാലിയും തിരുവനന്തപുരത്ത് വെച്ച് നടത്തി.

എംപിമാരായ ശശി തരൂര്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ ആഭ്യന്തര സഹമന്ത്രി ജിതേന്ദ്ര സിംഗുമായി കൂടിക്കാഴ്ച്ച നടത്തുകയും ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം അവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീജിത്തുമായി ചേംബറില്‍ വെച്ച് ചര്‍ച്ച നടത്തുകയും നിലവിലെ നിയമ വശങ്ങള്‍ ബോധ്യപ്പെടുത്തുകയും സമരത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും സിബിഐയോട് ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു. വിഷയത്തില്‍ വീണ്ടും വ്യാപകമായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് സിബിഐ ഈ കേസ് ഏറ്റെടുക്കുവാന്‍ തീരുമാനിച്ചത്. ഇന്നലെ സമരപ്പന്തലില്‍ എത്തി സി ബി ഐ അന്വേഷണ സംഘം ശ്രീജിത്തിനെ കണ്ടിരുന്നു.

നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍ വീട്ടില്‍ ശ്രീജീവെന്ന 25കാരനെ 2014 മേയ് 19നാണ് പാറശാല പൊലീസ് മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ കിടക്കുന്ന ശ്രീജീവിന്റെ ചേതനയറ്റ ശരീരമാണ് കുടുംബാംഗങ്ങള്‍ കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here