വിദ്യാര്‍ത്ഥി സ്‌കൂളില്‍ മരിച്ച നിലയില്‍

കരവാല്‍ നഗര്‍ :ഡല്‍ഹിയില്‍ വീണ്ടും ടോയ്‌ലറ്റിനുള്ളില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര ഡല്‍ഹിയിലെ കരവാല്‍ നഗറില്‍ താമസിക്കുന്ന തുഷാര്‍ കുമാര്‍ എന്ന 16 വയസ്സുകാരനെയാണ് സ്‌കൂളിലെ ടോയ്‌ലറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധാനാഴ്ച ഉച്ചയോട് കൂടിയാണ് സംഭവം. ഉത്തര ഡല്‍ഹിയിലുള്ള ജീവന്‍ ജ്യോതി സീനിയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു തുഷാര്‍. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ഗ്യാങ് സ്റ്റൈല്‍ സംഘട്ടനങ്ങളാണ് തുഷാറിന്റെ മരണത്തില്‍ കലാശിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.ടോയ്‌ലറ്റിലെ സിസിടിവിയില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തുഷാറിനെ മര്‍ദ്ദിക്കുന്ന ചിത്രങ്ങളും പതിഞ്ഞിട്ടുണ്ട്. ഈ കുട്ടികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ കടുത്ത വയറുവേദന കാരണം അബോധാവസ്ഥയിലായ തുഷാറിനെ ശുചിമുറിയില്‍ കണ്ടെത്തുകയായിരുന്നുവെന്നും തുടര്‍ന്ന് ആശുപത്രിയിലെത്തിക്കും വഴി മരണമടഞ്ഞുവെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പൊലീസിന് നല്‍കിയ മൊഴി.

അതേ സമയം സ്‌കൂള്‍ അധികൃതര്‍ കുറ്റം ചെയ്ത വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുവാന്‍ ശ്രമിക്കുകയാണെന്ന് തുഷാറിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. ബുധനാഴ്ച വൈകുന്നേരം തുഷാറിന്റെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സ്‌കൂളിന് മുന്നില്‍ തടിച്ച് കൂടിയതിനെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത ഉടലെടുത്തിരുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ ടോയ്‌ലറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഞെട്ടലില്‍ നിന്നും വിമുക്തമാകുന്നതിന് മുന്‍പാണ് ഡല്‍ഹിയില്‍ സമാന രീതിയിലുള്ള മറ്റൊരു മരണം കൂടി അരങ്ങേറുന്നത്.

കഴിഞ്ഞ സപ്തംബറിലാണ് ഗുരുഗ്രാമിലെ റിയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ടോയ്‌ലറ്റില്‍ വെച്ച് പ്രഥ്യുമാന്‍ എന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here