വീഡിയോ കോളിനിടെ യുവാവ് കൊല്ലപ്പെട്ടു

പറ്റ്‌ന: വാട്‌സ്ആപ്പില്‍ കാമുകിയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ യുവാവ് സ്വയം വെടിയുതിര്‍ത്ത് മരിച്ചു. പറ്റ്‌നയിലാണ് സംഭവം. ആകാശ് കുമാര്‍ എന്ന 19 കാരനാണ് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ബന്ധുക്കളുടെ ഭാഗത്തുനിന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലുമായിരുന്നു ആകാശ്. സയ്ചക് സ്വദേശിയായ ആകാശ് കുമാര്‍ വീട്ടിലിരുന്ന് കാമുകിയോട് വാട്‌സ്ആപ്പ് വഴി സംസാരിക്കുകയായിരുന്നു. സംസാരത്തിനിടയില്‍ തന്റെ കയ്യില്‍ തോക്കുണ്ടെന്നും അതുപയോഗിച്ച് ആത്മഹത്യ ചെയ്യുമെന്നും ആകാശ് പെണ്‍കുട്ടിയോട് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടി വിലക്കിയതിനാല്‍ ആദ്യം യുവാവ് തോക്കില്‍ നിന്നും ബുള്ളറ്റുകള്‍ മാറ്റിയിരുന്നു. പക്ഷെ തോക്കില്‍ ഒരു ബുള്ളറ്റ് ഉണ്ടായിരുന്നത് യുവാവ് ശ്രദ്ധിച്ചിരുന്നില്ല. തുടര്‍ന്ന് അബദ്ധവശാല്‍ വെടിവെച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടില്‍ സൂക്ഷിച്ചിരുന്ന 9എംഎം നാടന്‍ തോക്കാണ് ഇയാള്‍ ഉപയോഗിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന് ക്രിമിനല്‍ പശ്ചാത്തലമുള്ളതാണ് ഇവരുടെ ബന്ധത്തെ ആകാശിന്റെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നത്. പ്രണയത്തെ ചൊല്ലി മിക്ക ദിവസവും ആകാശും പിതാവുമായി വഴക്കും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ആകാശിന്റെ മരണത്തില്‍ വീട്ടുകാര്‍ക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here