കോപ്പിയടി: വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഔറംഗബാദ്: കോപ്പിയടി അധ്യാപകന്‍ കൈയോടെ പിടികൂടിയതോടെ ആത്മഹത്യാ ഭീഷണിയുമായി വിദ്യാര്‍ഥി. കോളേജിന്റെ ബാല്‍ക്കണിയില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടാന്‍ ശ്രമിച്ചു. ഔറംഗബാദിലുള്ള കബ്ര സമാജ്കാര്യ മഹാവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മാസ്റ്റേഴ്‌സ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്റെ (എം.പി.ഇ.ഡി) പരീക്ഷയ്ക്കിടെയാണ് സംഭവം. പരീക്ഷ ഹാളില്‍ നിന്ന് വിദ്യാര്‍ത്ഥി കോപ്പിയടിക്കുന്നത് കണ്ട അധ്യാപകന്‍ ആദ്യം മുന്നറിയിപ്പ് കൊടുത്തു. എന്നാല്‍ പിന്നെയും ആവര്‍ത്തിച്ചതോടെ തടയാന്‍ ശ്രമിച്ചു. പിന്നെയും ആവര്‍ത്തിച്ചപ്പോള്‍ എഴുന്നേറ്റുപോകാന്‍ ഇന്‍വിജിലേറ്റര്‍ ആവശ്യപ്പെട്ടത്.

ഇതോടെ വിദ്യാര്‍ഥി ഇന്‍വിജിലേറ്ററിന്റെ കോളറിന് പിടിച്ച് വലിക്കുകയും അദ്ദേഹത്തെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ നിന്ന് ഇറങ്ങി മൂന്നാം നിലയിലേക്ക് ഓടിക്കയറി ബാല്‍ക്കണിയിലെത്തി താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി.

പ്രിന്‍സിപ്പല്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി വിദ്യാര്‍ത്ഥിയെ ചാടുന്നതിനുമുന്‍പ് പിടികൂടി. വിദ്യാര്‍ത്ഥിക്കെതിരെ കോപ്പിയടിച്ചതിനും ആത്മഹത്യാശ്രമത്തിനും പൊലിസ് കേസെടുത്തു. ഭീതിയുടെ അന്തരീക്ഷമായിരുന്നു, അധ്യാപകരെല്ലാം ഭയന്നുപോയെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here