ഛേത്രി മാജിക്കില്‍ കെനിയയെ 3-0 ന് തകര്‍ത്ത് ഇന്ത്യ

മുംബൈ : നൂറാം മത്സരത്തിനിറങ്ങിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇരട്ട ഗോളുമായി താരമായപ്പോള്‍ കെനിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ ടീമിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.

ഛേത്രിയെ കൂടാതെ ജെജെ ലാല്‍ പെഖ്‌ലുവയും ഗോള്‍ നേടി. ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്കാണ് ഇന്ത്യ കെനിയയെ തകര്‍ത്തത്. 68 ാം മിനിട്ടില്‍ പെനാള്‍ട്ടിയിലൂടെ വലകുലുക്കി ഛേത്രി ഇന്ത്യയ്ക്ക് ലീഡ് നല്‍കി.

71 ാം മിനിട്ടില്‍ ജെജെയുടെ തകര്‍പ്പന്‍ ഗോളിലൂടെ വീണ്ടും ഇന്ത്യയെ കെനിയയെ പ്രഹരിച്ചു. കളിയവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ഛേത്രിയുടെ ബൂട്ടില്‍ നിന്ന് മൂന്നാമത്തെ ഗോളും പിറന്നു.

ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചെത്തിയ കെനിയയ്ക്ക് ആദ്യ പരാജയമാണ് ഇന്നത്തേത്. ഇന്ത്യ ആദ്യ പോരാട്ടത്തില്‍ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് ചൈനീസ് തായ്‌പേയിയെ മലര്‍ത്തിയടിച്ചിരുന്നു.

കാണികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു സ്‌റ്റേഡിയം. പോരാട്ടം നേരിട്ട് കാണാനെത്തണമെന്ന് സുനില്‍ഛേത്രി കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.

ബോളിവുഡ് താരം അഭിഷേക് ബച്ചനടക്കമുള്ള പ്രമുഖരും കളികാണാനെത്തി. നൂറാം മത്സരത്തിനായി ബൂട്ടണിഞ്ഞ സുനില്‍ ഛേത്രിക്ക്, ഐഎം വിജയനും ബൈച്ചുങ് ബൂട്ടിയയും ചേര്‍ന്ന് പുരസ്‌കാരവും സമ്മാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here