ഇവിടെ വീണവരൊന്നും രക്ഷപ്പെട്ടിട്ടില്ല

മെക്‌സിക്കോ : ഗള്‍ഫ് ഓഫ് മെക്‌സിക്കോയുടെ ആഴങ്ങള്‍ ഒരു തടാകത്തെ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ജിക്കൂസി ഓഫ് ഡെസ്‌പെയര്‍ എന്നാണ് അതിന് ഗവേഷകരിട്ട പേര്. അതായത് വിഷാദത്തിന്റെ നീരുറവ. ഭൗമോപരിതലത്തില്‍ നിന്ന് 3300 അടി താഴ്ചയിലാണ് തടാകം.

12 അടിയാണ് തടാകത്തിന്റെ താഴ്ച. കൊടും ഉപ്പുരസമുള്ള ജലം. കടല്‍ജലത്തിലെ ഉപ്പളവിന്റെ അഞ്ചിരട്ടി വരും ഇവിടത്തെ വെള്ളത്തിന്. കണ്ണുകള്‍ കൊണ്ട് കാണാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള കൃമികീടങ്ങള്‍ ഈ ജലത്തില്‍ അളയ്ക്കുന്നു.

മനുഷ്യനോ മറ്റ് ജീവികളോ എന്തുമാകട്ടെ ഇവിടെ പെട്ടാല്‍ നിമിഷ വേഗത്തില്‍ മരണമുറപ്പ്. അത്രമേല്‍ പ്രതികൂലവും സങ്കീര്‍ണ്ണവുമായ ആവാസവ്യവസ്ഥയാണ് ഈ തടാകത്തില്‍. ചത്തുമലച്ച ജീവികളുടെ മൃതശരീരങ്ങള്‍ നിറഞ്ഞതാണ് തടാകം.

സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനത്താല്‍ മീഥെയ്‌നും ഹൈഡ്രജന്‍ സള്‍ഫൈഡും വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇതുമൂലം നിരന്തരം കുമിളകള്‍ സൃഷ്ടിക്കപ്പെടുകയും ഉപ്പ് ഊറിവരികയും ചെയ്യും. ബാക്ടീരിയകളും വിരകളും കൊഞ്ചുകളും മാത്രമാണ് ഇവിടെ വളരുന്നത്.

എങ്ങനെ ഈ ജീവികള്‍ ഇത്രമേല്‍ സങ്കീര്‍ണ്ണവും പ്രതികൂലവുമായ ആവാസവ്യവസ്ഥയെ തരണം ചെയ്ത് ജീവിക്കുന്നുവെന്ന് ഗവേഷകര്‍ പഠനം നടത്തിവരികയാണ്. അത്തരമൊരു ഗവേഷണം ഊര്‍ജിതമാക്കാന്‍ സുപ്രധാനമായൊരു കാരണമുണ്ട്.

വിഷമയമായ സാഹചര്യത്തെ അതിജീവിക്കാന്‍ ഈ ജീവിവര്‍ഗങ്ങളെ സഹായിക്കുന്ന ശാരീരിക ഘടകമെന്തെന്ന്‌ കണ്ടെത്താനായാല്‍, അന്യഗ്രഹങ്ങളിലെ പ്രതികൂല കാലാവസ്ഥയില്‍ ജീവന്റെ നിലനില്‍പ്പ് എങ്ങനെ സാധ്യമാക്കാമെന്ന പഠനത്തിന് അത് നിര്‍ണ്ണായക സംഭാവനയാകും.

LEAVE A REPLY

Please enter your comment!
Please enter your name here