‘ഹാദിയയുടെ വിവാഹം റദ്ദാക്കാനാവില്ല’

ന്യൂഡല്‍ഹി : പ്രായപൂര്‍ത്തിയായവരുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്ന് സുപ്രീം കോടതി. പരസ്പരസമ്മതത്തോടെയുള്ള വിവാഹത്തെ ഹൈക്കോടതിക്ക്, ഭരണഘടനയുടെ 226ാം അനുഛേദ പ്രകാരമുള്ള അധികാരമുപയോഗിച്ച് റദ്ദാക്കാനാകുമോയെന്നാണ് ചോദ്യം.

വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടാണെന്നും കോടതി വ്യക്തമാക്കി. നല്‍കിയിരിക്കുന്നത് മാനഭംഗക്കേസല്ല. വിദേശ റിക്രൂട്ട്‌മെന്റ് നടക്കുന്നതായി വിവരമുണ്ടെങ്കില്‍ സര്‍ക്കാരാണ് ഇടപെടേണ്ടതെന്നും കോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് പരമോന്നത കോടതി മാര്‍ച്ച 8 ലേക്ക് മാറ്റിയിട്ടുണ്ട്.

ഹാദിയയെ വീട്ടുതടങ്കലില്‍ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ മറുപടി നല്‍കാന്‍ അച്ഛന്‍ അശോകനും എന്‍ഐഎക്കും കോടതി അനുമതി നല്‍കി. അതേസമയം കേസില്‍ കക്ഷിയല്ലാത്ത രാഹുല്‍ ഈശ്വറിനെക്കുറിച്ചുള്ള ഹാദിയയുടെ സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍ കോടതി നീക്കം ചെയ്തു.

ഹാദിയയുടെ മതംമാറ്റത്തിന് പിന്നില്‍ സംഘടിത ശക്തികളുണ്ടെന്നായിരുന്നു അശോകന്റെ വാദം. സിറിയയിലക്ക് ആടുമേയ്ക്കാന്‍ പോകുന്ന കാര്യം ഹാദിയ അശോകനോട് പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു.

എന്നാല്‍ അത്തരം കാര്യങ്ങളുണ്ടെങ്കില്‍ നിയമപരമായി കൈകാര്യം ചെയ്യപ്പെട്ടുകൊള്ളുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ഹാദിയയുടെ മതംമാറ്റം മനുഷ്യക്കടത്ത് ലക്ഷ്യമിട്ടാണെങ്കില്‍ തടയാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു.

പൗരന്‍മാരുടെ വിദേശയാത്ര നിയമവിരുദ്ധമാണെങ്കില്‍ സര്‍ക്കാരിന് തടയാം. എന്നാല്‍ ശരിയായ വ്യക്തിയെ അല്ല വിവാഹം കഴിച്ചത് എന്ന കാരണത്താല്‍ അത് റദ്ദാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ഇനിയൊന്നും ബാക്കിയില്ലെന്നും ഇതുസംബന്ധിച്ച് ഉത്തരവിറക്കണമെന്നുമായിരുന്നു ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദം.

യെമനിലേക്ക് പോയ രണ്ടുപേരെക്കുറിച്ച് ഒഴികെ മറ്റെല്ലാ അന്വേഷണവും പൂര്‍ത്തിയായതായി എന്‍ഐഎക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്ങും വ്യക്തമാക്കി.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here