തലയ്ക്ക് പരിക്കേറ്റ രോഗിയുടെ കാലില്‍ ചികിത്സ

ഡല്‍ഹി :തലയ്ക്ക് പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ രോഗിയുടെ കാലില്‍ പിന്‍ ഘടിപ്പിച്ച് ഡോക്ടര്‍മാര്‍. ഡല്‍ഹിയിലെ സുശ്രുത ട്രോമ സെന്ററിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള ട്രോമ സെന്ററിലാണ് ഡോക്ടര്‍മാരുടെ ഈ ഗുരുതര ചികിത്സാ വീഴ്ച.

അപകടത്തില്‍ തലയ്ക്കും മുഖത്തിനും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ വിജേന്ദ്ര ത്യാഗി എന്ന വ്യക്തിക്ക് നേര്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

വിജേന്ദ്രയുടെ വാര്‍ഡില്‍ തന്നെ അഡ്മിറ്റ് ചെയ്യപ്പെട്ട വിരേന്ദ്ര എന്ന വ്യക്തി കാലിന് പരിക്കേറ്റതിന് തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നത്. പേരുകള്‍ തമ്മിലുള്ള സാമ്യം കാരണം വിരേന്ദ്രയ്ക്ക് പകരം വിജേന്ദ്രയെ ഡോക്ടര്‍മാര്‍ അബദ്ധവശാല്‍ ശസ്ത്രക്രിയ മുറിയിലേക്ക് കൊണ്ടു പോയി. ശേഷം കാലില്‍
ചെറിയ ഒരു ദ്വാരം ഉണ്ടാക്കി എല്ലുകള്‍ക്കിടയില്‍ പിന്‍ ഘടിപ്പിക്കുകയായിരുന്നു.

വിജേന്ദ്രയെ അനസ്‌തേഷ്യ കൊടുത്ത് മയക്കിയിരുന്നതിനാല്‍ അദ്ദേഹം ഇതൊന്നും അറിഞ്ഞതുമില്ല. അല്‍പ്പം കഴിഞ്ഞ് വിജേന്ദ്ര ത്യാഗിയുടെ മകന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് തെറ്റ് പറ്റിയതായി മനസ്സിലാക്കുന്നത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ പ്രഥമ ദൃഷ്ട്യ കുറ്റക്കാരനാണെന്ന് കണ്ടതിനെ തുടര്‍ന്ന് ഒരു സീനിയര്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. അതേസമയം തന്റെ പിതാവ് ഇപ്പോഴും തലയ്ക്കും നെഞ്ചിനുമേറ്റ പരിക്കുകളെ തുടര്‍ന്ന് വിഷമിക്കുകയാണെന്നും കാലിന് പിന്‍ ഘടിപ്പിച്ചതിനാല്‍ നടക്കുവാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്നും മകന്‍ അങ്കിത് ത്യാഗി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here