സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവ് പിടിയില്‍

തിരുവള്ളൂര്‍ :പെണ്‍വേഷം കെട്ടി കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന സംശയത്തില്‍ ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. തമിഴ്‌നാട് തിരുവള്ളൂര്‍ പലവേര്‍ക്കാട് ഗ്രാമത്തില്‍ നിന്നാണ് പെണ്‍വേഷം കെട്ടി കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചു എന്ന സംശയത്തില്‍ യുവാവിനെ നാട്ടുകാര്‍ പിടികൂടിയത്.

കളിപ്പാട്ടങ്ങള്‍ കാണിച്ച് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ട് പോകാനായിരുന്നു ശ്രമമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇയാള്‍ ബംഗാളി സ്വദേശിയാണെന്ന് സംശയിക്കുന്നു. ഭിന്നലിംഗക്കാരിയാണെന്നായിരുന്നു ആദ്യം നാട്ടുകാര്‍ സംശയിച്ചത്. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബാഗില്‍ നിന്നും കത്തിയും കളിപ്പാട്ടങ്ങളും കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കി.

ഗുരുതരമായി മര്‍ദ്ദനമേറ്റ ഇയാളെ പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഊത്തുക്കോട്ടെ പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു ഇയാള്‍ അലഞ്ഞു നടന്നിരുന്നത്. അതേ സമയം ഇയാള്‍ യഥാര്‍ത്ഥത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുവാന്‍ തന്നെ വന്നതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ആശുപത്രിയില്‍ വെച്ച് ചെറിയ തരത്തിലുള്ള മാനസികാസ്യസ്ഥതയും ഇയാള്‍ പ്രകടിപ്പിക്കുന്നതായി പൊലീസ് അറിയിച്ചു.

രണ്ട് ആഴ്ച്ചയ്ക്കുള്ളില്‍ തമിഴ്‌നാട്ടില്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ഇതര സംസ്ഥാനക്കാരെ മര്‍ദ്ദിച്ച മൂന്ന് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ട് പോകുവാനായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ തമിഴ്‌നാട്ടിലേക്ക് എത്തുന്നുണ്ടെന്ന സന്ദേശം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഈ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടില്‍ ഇത്തരക്കാര്‍ക്കെതിരെ വ്യാപകമായ ആക്രമങ്ങള്‍ അരങ്ങേറുന്നത്. ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നും സമൂഹ മാധ്യമങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു. യുവാവ് നേരത്തേ ഇത്തരത്തില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതിയോണോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here