ശ്വാസത്തിനായ് പിടഞ്ഞ് കുരുന്നുകള്‍

അര്‍ബിന്‍ : വിമതര്‍ക്കെതിരെയുള്ള സിറിയന്‍ സൈന്യത്തിന്റെ രാസായുധ പ്രയോഗത്തെ തുടര്‍ന്ന് കുരുന്നുകളടക്കം ശ്വാസം കിട്ടാതെ പിടയ്ക്കുന്നതിന്റെ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

ഫെബ്രുവരി 25 ന് നടന്ന സംഭവത്തിന്റേതെന്ന് കരുതപ്പെടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂട്ടയിലാണ് സൈന്യം രാസായുധം പ്രയോഗിച്ചത്.

രാസായുധ പ്രയോഗത്തില്‍ ഒരു കുട്ടി കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുരുന്നിന്റെ ചേതനയറ്റ ശരീരവുമായി ഡോക്ടര്‍മാര്‍ നില്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ക്ലോറിന്‍ വാതകം ശ്വസിച്ചാണ് കുട്ടി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെ നൂറോളം കുരുന്നു ജീവനുകളാണ് യുദ്ധഭൂമിയില്‍ പൊലിഞ്ഞത്. കിഴക്കന്‍ ഗൂട്ട 2012 മുതല്‍ വിമത സേനയുടെ നിയന്ത്രണത്തിലാണ്.

വിമതരെ ഉന്‍മൂലനം ചെയ്യാന്‍ സിറിയന്‍ സൈന്യം തീവ്ര ശ്രമത്തിലാണ്. പക്ഷേ നാലുലക്ഷത്തോളം ജനങ്ങള്‍ ഇവിടെ വിമത-സൈനിക പോരാട്ടത്തിന് ഇടയില്‍ കുടുങ്ങിയിരിക്കുന്നു.

വന്‍ പ്രഹരശേഷിയുള്ള ബാരല്‍ ബോംബുകള്‍ ഇവിടെ വര്‍ഷിക്കുന്നുണ്ട്. റോക്കറ്റ് ആക്രമണവും തുടരുന്നു. ജനത്തിന് രക്ഷപ്പെടാന്‍ പ്രത്യേക പാത ഒരുക്കിയെങ്കിലും വിമതര്‍ ഈ മേഖല കേന്ദ്രീകരിച്ച് സാധാരണക്കാരെ മറയാക്കി ആക്രമണം അഴിച്ചുവിടുകയാണ്.

യുദ്ധഭൂമിയില്‍ ഇതുവരെ എത്രപേര്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമായിട്ടില്ല. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കുള്ളില്‍ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടപ്പുണ്ട്. രാസായുധങ്ങളില്‍ ക്ലോറിന്‍ ഉപയോഗിക്കുന്നത് നിരോധിച്ച് 1997 മുതല്‍ രാജ്യാന്തര കരാറുകളുണ്ട്.

പക്ഷേ ഇതിന് വിരുദ്ധമായാണ് സിറിയയില്‍ പ്രയോഗിക്കപ്പെടുന്നത്. ഇവിടെ 2013 ലെ രാസായുധ പ്രയോഗത്തിലും നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here