ഭക്ഷണത്തിന് പകരം ലൈംഗികചൂഷണം

ഡമാസ്‌കസ് : സിറിയയില്‍ വിഷവാതക പ്രയോഗത്തിലൂടെ കുഞ്ഞുങ്ങളെയടക്കം കൂട്ടക്കുരുതി നടത്തുന്നതിന്റെ നടുക്കുന്ന വാര്‍ത്തകള്‍ക്കിടെ സന്നദ്ധ പ്രവര്‍ത്തകര്‍ ലൈംഗിക ചൂഷണം നടത്തുന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത്.

സൈന്യത്തിന്റെ വിമതരുടെയും രൂക്ഷമായ ആക്രമണങ്ങള്‍ക്കിടയില്‍പ്പെട്ട നിരാശ്രയരായ ജനങ്ങളെ സഹായിക്കാനെത്തിയ ചില സേവനപ്രവര്‍ത്തകര്‍ക്കെതിരെയാണ് ആരോപണം.

ഭക്ഷണം നല്‍കണമെങ്കില്‍ ലൈംഗികബന്ധത്തിന് തയ്യാറാവണമെന്ന് ഇവര്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഭീഷണിപ്പെടുത്തുന്നതായാണ് പരാതി. ജനത്തിന് ഐക്യരാഷ്ട്രസഭ നല്‍കുന്ന ഭക്ഷണം വിതരണം ചെയ്യുന്ന ചില സന്നദ്ധ പ്രവര്‍ക്കെതിരെയാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.

ഏഴ് വര്‍ഷമായി സിറിയന്‍ സ്ത്രീകള്‍ ഈ ദുര്യോഗം അനുഭവിച്ച് വരുന്നതായും
വോയ്‌സസ് ഫ്രം സിറിയ 2018 എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദാര, ഖ്വിനെയ്ത്ര എന്നിവിടങ്ങളില്‍ യുഎന്‍ നിയോഗിച്ചവര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

സന്നദ്ധ സംഘടനകളുടെ ഉപദേശകനായി പ്രവര്‍ത്തിക്കുന്ന ഡാനിയേല്‍ സ്‌പെന്‍സറിനെ ഉദ്ധരിച്ചാണ് പ്രസ്തുത റിപ്പോര്‍ട്ട്. ഭക്ഷണം ലഭിക്കുന്നതിനായി സ്ത്രീകളെയും പെണ്‍കുട്ടികളെയും താല്‍ക്കാലികമായി ഇവര്‍ക്ക് വിവാഹം ചെയ്ത് കൊടുക്കണം.

ലൈംഗിക ചൂഷണമാണ് ഇതിലൂടെ നടക്കുന്നത്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഫോണ്‍ നമ്പറും ഇവര്‍ ചോദിച്ചുവാങ്ങും. ചില സമയങ്ങളില്‍ വീട്ടില്‍ ഇറക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റും.

ഭക്ഷണവസ്തുക്കള്‍ വീട്ടിലെത്തിച്ച് നല്‍കുകയും ഈ സേവനത്തിന് ലൈംഗികത പ്രത്യുപകാരമായി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. പുരുഷന്‍മാരില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചാണ് ചൂഷണം.

വിധവകളും വിവാഹ മോചിതകളുമെല്ലാം വ്യാപകമായി ലൈംഗികാതിക്രമത്തിന് ഇരകളാകുകയാണ്. ഇതേ തുടര്‍ന്നാണ് ഭക്ഷണം വിതരണം ചെയ്യുന്നിടങ്ങളിലേക്ക് സ്ത്രീകള്‍ വരാന്‍ മടിക്കുന്നത്.

2015 ല്‍ ജോര്‍ദാനിലെ അഭയാര്‍ത്ഥി ക്യാംപില്‍വെച്ച് സിറിയയിലെ ചില സ്ത്രീകളാണ് ഇക്കാര്യം തന്നോട് തുറന്ന് പറഞ്ഞതെന്നും സ്‌പെന്‍സര്‍ വ്യക്തമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here