ശംഭു ലാലിനെ വീര പുരുഷനാക്കി ഘോഷയാത്ര

ജോധ്പൂര്‍ :ലവ് ജിഹാദെന്ന് ആരോപിച്ച് മുസ്‌ലിം മദ്ധ്യവയസ്‌കനെ കുത്തി പരിക്കേല്‍പ്പിച്ചതിന് ശേഷം ജീവനോടെ കത്തിച്ച ശംഭു ലാലിനെ വീര പുരുഷനാക്കി ടാബ്ലോ. ജോധ്പൂരില്‍ നടത്തിയ ശ്രീരാമ നവമി ഘോഷയാത്രയുടെ ഭാഗമായാണ് ശംഭു ലാലിനെ ആരാധിച്ച് ടാബ്ലോ അണിനിരന്നത്.

കൊലപാതക സമയം ശംഭു ലാല്‍ അണിഞ്ഞിരുന്ന വസ്ത്രത്തിന് സമാനമായാണ് ടാബ്ലോയിലെ യുവാവിന്റെയും വേഷവിധാനം. പ്രത്യേകം അലങ്കരിച്ച ഒരു കസേരയില്‍ യുവാവിനെ ഇരുത്തി മറ്റൊരു യുവാവ് ഇയാളുടെ കാലില്‍ വീണ് മാപ്പ് പറയുന്ന തരത്തിലാണ് ടാബ്ലോ.

കസേരയില്‍ ഇരിക്കുന്ന വ്യക്തിയുടെ കൈയ്യില്‍ ഒരു കോടാലിയും പുറകിലെ ബാനറില്‍ ലവ് ജിഹാദിനെ ഈ നാട്ടില്‍ നിന്നും സ്വതന്ത്രമാക്കുമെന്ന് എഴുതി വെച്ചിട്ടുണ്ട്. ബാനറില്‍ ശംഭു ലാലിന്റെ ചിത്രവും പതിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 6 നായിരുന്നു രാജസ്ഥാനിലെ രാജ്‌സാമണ്ടില്‍ വെച്ച് പ്രദേശ വാസിയായിരുന്ന മുഹമ്മദ് അഫ്‌റസുളിനെ ശംഭു ലാല്‍ കൊടാലി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചതിന് ശേഷം ജീവനോടെ കത്തിച്ചത്. ഹിന്ദു സഹോദരിയെ പ്രണയിച്ചു എന്ന കുറ്റം ചാര്‍ത്തിയായിരുന്നു ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്.

മദ്ധ്യവയസ്‌കനെ ജീവനോടെ കത്തിക്കുന്നത് ഒരു 15 വയസ്സുകാരനെ കൊണ്ട് യുവാവ് മൊബൈലില്‍ വീഡിയോയും ചിത്രീകരിച്ചിരുന്നു. എന്നാല്‍ വാസ്തവത്തില്‍ അഫ്‌റസുള്‍ സ്വന്തം കുടുംബത്തിനൊപ്പമായിരുന്നു താമസിച്ച് വന്നിരുന്നത്. ഇദ്ദേഹത്തിന് ഒരു വിധ അവിഹിത ബന്ധങ്ങളുമുണ്ടായിരുന്നില്ല.

തന്റെ പൂര്‍വ കാമുകി ഒരു മുസ്‌ലീം യുവാവിന്റെ കൂടെ ഒളിച്ചോടിയതിന് പ്രതികാരമായാണ് ശംഭുലാല്‍ സംഭവവുമായി യാതോരു വിധ ബന്ധവുമില്ലാത്ത അഫ്‌റസുളിനെ കൊലപ്പെടുത്തിയത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ മുഹമ്മദ് അഫ്‌റസുള്‍ ഉപജീവനത്തിനായാണ് രാജസ്ഥാനിലേക്ക് വന്നത്.

കടപ്പാട് : ANI

LEAVE A REPLY

Please enter your comment!
Please enter your name here