തമിഴ് റോക്കേഴ്‌സിന്റെ അഡ്മിന്‍ അറസ്റ്റില്‍

ചെന്നൈ: പുതിയ സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച് കോടികള്‍ സമ്പാദിക്കുന്ന തമിഴ് റോക്കേഴ്‌സിന്റെ പ്രധാന അഡ്മിന്‍ അറസ്റ്റില്‍. തമിഴ്‌നാട് വില്ലുപുരം സ്വദേശി കാര്‍ത്തിയെ ആന്റി പൈറസി സെല്ലാണ് അറസ്റ്റ്‌ചെയ്തത്.

തമിഴ് റോക്കേഴ്‌സ് ഉടമ പ്രഭു, ഡിവിഡി റോക്കേഴ്‌സ് ഉടമകളായ തിരുനല്‍വേലി സ്വദേശികളായ ജോണ്‍സണ്‍, മരിയ ജോണ്‍, സുരേഷ് എന്നിവരെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

ഇവരുടെ ലാപ്‌ടോപ്, ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണ്‍ എന്നിവയും പിടിച്ചെടുത്തു. പുതിയ മലയാള സിനിമകള്‍ ഉള്‍പ്പെടെ ഹിറ്റ് സിനിമകള്‍ വ്യാജമായി പകര്‍ത്തി ഇന്റര്‍ നെറ്റില്‍ ഇടുകയും, ശേഷം സൈറ്റില്‍ ജനങ്ങള്‍ സന്ദര്‍ശിക്കുന്നതിനനുസരിച്ച് പരസ്യ ഏജന്‍സി വഴി ലക്ഷക്കണക്കിന് രൂപ സ്വന്തമാക്കുകയുമാണ് ഇവരുടെ രീതി.

സിനിമ അപ്‌ലോഡ് ചെയ്തതിലൂടെ സമ്പാദിച്ച കോടികള്‍ ഇവരുടെ അക്കൗണ്ടില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സിനിമകള്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ ഇന്റര്‍നെറ്റില്‍ നല്‍കുകയായിരുന്നു തമിഴ്‌റോക്കേഴ്‌സിന്റെ രീതി.

ഇതുമൂലം കോടിക്കണക്കിന് രൂപയാണ് സിനിമലോകത്തിന് നഷ്ടം വന്നിരുന്നത്. 19 ഡൊമൈനുകളിലൂടെയാണ് ഇവര്‍ സിനിമ അപ്ലോഡ് ചെയ്യുന്നത്. നിരവധി തവണ സിനിമ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് തമിഴ് റോക്കേഴ്‌സിന്റെ സൈറ്റ് ബ്ലോക്ക് ചെയ്തിരുന്നു.

എന്നാല്‍ വെല്ലുവിളി നടത്തി ഇവര്‍ സിനിമയുടെ വ്യാജ പതിപ്പുകള്‍ ഇറക്കാറുണ്ട്. അറസ്റ്റിലായവരെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും ആന്റി പൈറസി സംഘം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here