യുവതിയെ പീഡിപ്പിച്ച സിദ്ധന് കടുത്തശിക്ഷ

മഥുര: വിട്ടുമാറാത്ത വയറുവേദനയുമായെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന് 25 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ചുമത്തി. മഥുര അഡീഷണല്‍ ജില്ലാ പ്രത്യേക അതിവേഗ കോടതിയുടേതാണ് വിധി. കഴിഞ്ഞ വര്‍ഷം ജൂലായിലായിരുന്നു സംഭവം.

വയറ് വേദനയ്ക്ക് പരിഹാരം തേടി ബാബ ദ്വാരകാദാസിന്റെ വൃന്ദാവനിലുള്ള ആശ്രമത്തിലെത്തിയ ഹത്രാസ് സ്വദേശിനിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. ഭര്‍ത്താവിനും നാലു വയസ്സുള്ള മകള്‍ക്കുമൊപ്പമാണ് യുവതി ആശ്രമത്തിലെത്തിയത്.

യുവതിയോട് മുറിയില്‍ പോയി ഇരിക്കാനും ഭര്‍ത്താവിനോട് ചികിത്സ നടക്കുമ്പോള്‍ കയ്യില്‍ കത്തിച്ച വിളക്കുമായി കെട്ടിടത്തിന്റെ പുറത്തുകൂടി ചുറ്റിനടക്കണമെന്നും ദ്വാരകാദാസ് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

യുവതി എതിര്‍ത്തപ്പോള്‍ ദുഷ്ടശക്തിയുടെ സ്വാധീനം കുറയ്ക്കാനുള്ള ചികിത്സയുടെ ഭാഗമാണെന്ന് ഇയാള്‍ പറഞ്ഞു. ഭര്‍ത്താവ് ഉറങ്ങിയ ശേഷവും ഇയാള്‍ യുവതിയെ മാനഭംഗപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി.

എന്നാല്‍ ആശ്രമം വിട്ടശേഷം യുവതി മുഴുവന്‍ കാര്യങ്ങളും ഭര്‍ത്താവിനോട് പറഞ്ഞു. ഇയാള്‍ വ്യാജ സിദ്ധനെതിരെ പരാതി കൊടുക്കുകയായിരുന്നു. ഇതോടെ വ്യാജസിദ്ധന്‍ അകത്താവുകയായിരുന്നു.

യുവതിയെ മാനഭംഗപ്പെടുത്തിയതിന് 20 വര്‍ഷം കഠിന തടവും ഭീഷണിപ്പെടുത്തിയതിന് അഞ്ച് വര്‍ഷവുമാണ് ശിക്ഷ നല്‍കിയിരിക്കുന്നത്. 25,000 രൂപ പിഴയും ചുമത്തിയ കോടതി സിദ്ധന്‍ പണം നല്‍കിയില്ലെങ്കില്‍ 27 മാസം കൂടി തടവുശിക്ഷ അനുഭവിക്കണമെന്നും വിധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here