തെലുങ്കുദേശം മന്ത്രിമാര്‍ രാജിവച്ചു

ന്യൂഡല്‍ഹി : ആന്ധ്രപ്രദേശിന് പ്രത്യക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെലുങ്കുദേശം പാര്‍ട്ടിയുടെ രണ്ട് കേന്ദ്രമന്ത്രിമാരും രാജിവച്ചു. വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി വൈഎസ് ചൗധരി എന്നിവരാണ് പദവിയൊഴിഞ്ഞത്.

ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളാലാണ് രാജിയെന്ന് ഇരുവരും വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടി എന്‍ഡിഎയില്‍ സഖ്യകക്ഷിയായി തുടരുമെന്നും ഇവര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലെത്തി ഇരുവരും രാജി നല്‍കുകയായിരുന്നു.

തെലുങ്കുദേശത്തെ അനുനയിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങളും ഫലംകണ്ടില്ല. പ്രധാനമന്ത്രി ഫോണിലൂടെ ചന്ദ്രബാബു നായിഡുവിനോട് ആശയവിനിമയം നടത്തിയെങ്കിലും അദ്ദേഹം നിലപാടില്‍ ഉറച്ചുനിന്നു.

ടിഡിപി മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ചന്ദ്രബാബു സര്‍ക്കാരിലെ രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചിരുന്നു. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കാന്‍ കഴിയില്ലെന്നും ധനസഹായം നല്‍കാമെന്നുമായിരുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനം.

ഇതിന് പിന്നാലെയാണ് തെലുങ്കുദേശം മന്ത്രിമാര്‍ രാജി പ്രഖ്യാപിച്ചത്. ടിഡിപിക്ക് ആകെ 16 എംപിമാരുണ്ട്. അതേസമയം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിട്ടുമുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ ശിവസേനയ്ക്ക് പിന്നാലെ ടിഡിപിയും എന്‍ഡിഎ വിടാനൊരുങ്ങുന്നത് ബിജെപിക്ക് തിരിച്ചടിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here