അദ്ധ്യാപകനെ വിദ്യാര്‍ത്ഥി വെടിവെച്ച് കൊലപ്പെടുത്തി

ചണ്ഡീഗഡ്: ഹരിയാനയില്‍ കോളേജ് അധ്യാപകനെ വിദ്യാര്‍ഥി വെടിവെച്ചു കൊന്നു. ഹരിയാനയിലെ സോനിപത്ത് ജില്ലയിലെ ഖാര്‍ക്കോട ഷഹീദ് ദല്‍ബീര്‍ സിങ് സര്‍ക്കാര്‍ കോളേജിലെ അധ്യാപകനാണ് കൊല്ലപ്പെട്ടത്.

സ്റ്റാഫ് മുറിയില്‍ ഇരുന്ന അദ്ധ്യാപകന്‍ രാജേഷ് മാലികിനെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി യാതൊരു പ്രകോപനവും ഇല്ലാതെ വെടിവെക്കുകയായിരുന്നു. രാജേഷിന് നേരെ നാല് തവണ വെടിവച്ച ശേഷം വിദ്യാര്‍ത്ഥി ഓടിരക്ഷപെട്ടു.

രാജേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അക്രമി മുഖം മറച്ചാണ് വന്നതെന്നും ഞൊടിയിടയില്‍ വെടിവെപ്പ് നടത്തി രക്ഷപ്പെട്ടെന്നും സംഭവ സമയം രാജേഷിനൊപ്പം ഓഫീസിലുണ്ടായിരുന്ന അധ്യാപകന്‍ പറഞ്ഞു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജേഷിന്റെ മരണ വാര്‍ത്തയറിഞ്ഞ് പിതാവ് കുഴഞ്ഞുവീണു. അതേസമയം പ്രതിയായ വിദ്യാര്‍ഥിക്ക് കുറച്ച് ദിവസങ്ങളായി അധ്യാപകനുമായി വിദ്വേഷമുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് സതേന്ദ്ര കുമാര്‍ ഗുപ്ത പറഞ്ഞു.

വിദ്യാര്‍ഥിയുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഭാര്യയും രണ്ട് കുട്ടികളുമുണ്ട് രാജേഷിന്.

LEAVE A REPLY

Please enter your comment!
Please enter your name here